പാലക്കാട്: ജില്ലയിലെ കുരുമുളക് കർഷകർക്ക് തിരിച്ചടിയായി ദ്രുതവാട്ടവും കൊടികൊഴിയലും വ്യാപകം. തോട്ടവിളയായി കുരുമുളക് കൃഷി ചെയ്യുന്ന കിഴക്കഞ്ചേരി, അയിലൂർ, ആലത്തൂർ, പട്ടാമ്പി, അഗളി പ്രദേശങ്ങളിലാണ് ദ്രുതവാട്ടം വ്യാപിച്ചിരിക്കുന്നത്..

പട്ടാമ്പിയിലെ രോഗംബാധിച്ച തോട്ടങ്ങൾ പരിശോധിച്ച് കർഷകർക്ക് നിയന്ത്രണമാർഗം നിർദ്ദേശിച്ചിട്ടുണ്ടെന്ന് ജില്ലാ കൃഷിവകുപ്പ് ഡി.ഡി.എച്ച് സുതാജ വ്യക്തമാക്കി.

രോഗം ബാധിക്കാതിരിക്കാൻ കാലവർഷത്തിന്റെ ആരംഭത്തിൽ തന്നെ ബോർഡോ മിശ്രിതം ചെടികളിൽ തളിച്ചുകൊടുക്കണം. അത് ചെയ്യാത്ത തോട്ടങ്ങളിലാണ് ഇപ്പോൾ ഫംഗസ് ബാധിച്ചിരിക്കുന്നെന്ന് അധികൃതർ പറഞ്ഞു. കൂടാതെ റബ്ബർ, തെങ്ങ്, കവുങ്ങ് എന്നിവയുടെ അടുത്ത് കുരുമുളക് കൃഷി ചെയ്യുന്നുണ്ടെങ്കിലും രോഗം ബാധിക്കാൻ സാധ്യത ഏറെയാണ്. ഇവയിലെ രോഗബാധകൾക്കും കാരണം ഇതേ ഫംഗസാണ്. ചെടികളിൽ രോഗം ബാധിച്ചാലുടൻ കൃഷിഒാഫീസിൽ വിവരം അറിയിക്കണമെന്നാണ് നിർദ്ദേശം.

 എന്താണ് ദ്രുതവാട്ടം

ഒരു കുമിൾരോഗമാണ് ദ്രുതവാട്ടം. ഫൈറ്റൊ ഫ്‌തോറ കാപ്‌സിസി എന്നയിനം കുമിളാണ് ഇതിന് കാരണം. ഇതുമൂലം ഇലകളിലും തണ്ടിലും നനവുള്ള പാടുകൾ പ്രത്യക്ഷപ്പെടും. ഇലകൾ കൊഴിയുകയും കൊടി പെട്ടെന്ന് വാടുകയും ചെയ്യും. തുടർന്ന് ഇലകളെല്ലാം കരിഞ്ഞ് ചെടി മുഴുവൻ നശിക്കുന്നതാണ് ലക്ഷണം.

 പ്രതിരോധിക്കാൻ
ചെടിയ്ക്ക് ചുറ്റും 50 സെന്റീമീറ്റർ വിസ്താരത്തിൽ തടമെടുത്ത് അതിൽ ഒരു ശതമാനം വീര്യമുള്ള ബോർഡോ മിശ്രിതം ഒഴിക്കുക. ചുവട് നല്ലതുപോലെ നനയാൻ ചെടിയൊന്നിന് 5-10 ലീറ്റർ ലായനി വേണം. വള്ളിച്ചുവട്ടിൽ നിന്നു മുകളിലേക്ക് 40 സെന്റീമീറ്റർ ഉയരം വരെ ബോർഡോ കുഴമ്പ് പുരട്ടുക. ബോർഡോ മിശ്രിതം ഒരു ശതമാനം, വള്ളി മുഴുവൻ നനയുന്നവിധം തളിക്കുകയും വേണം. കേടുവന്നവ ചുവടെ പിഴുത് നശിപ്പിക്കുക.


-മുൻകരുതൽ
തോട്ടത്തിൽ വെള്ളം കെട്ടിനിൽക്കാൻ ഇടയാകരുത്. കൊടിയൊന്നിന് ഒരു കിലോ കുമ്മായവും രണ്ടു കിലോ വേപ്പിൻ പിണ്ണാക്കും ചേർക്കുക