വടക്കഞ്ചേരി: ആലത്തൂരിലെ ആധുനിക പൊലീസ് സ്‌റ്റേഷൻ നിർമ്മാണം അവസാനഘട്ടത്തിലേക്ക്. ഡിവൈ.എസ്.പി ഓഫീസിനോട് ചേർന്നുള്ള പഴയ പൊലീസ് ക്വാർട്ടേഴ്‌സ് നിലനിന്നിരുന്ന സ്ഥലത്താണ് അത്യാധുനിക സൗകര്യങ്ങളോടു കൂടിയ പൊലീസ് സ്റ്റേഷൻ നിർമ്മിക്കുന്നത്. കേരള പൊലീസ് ഹൗസിംഗ് ആന്റ് കൺസ്ട്രക്ഷൻ കോർപ്പറേഷനാണ് നിർമ്മാണ ചുമതല. ഒരുകോടി അഞ്ച് ലക്ഷം രൂപയാണ് നിർമ്മാണ ചെലവ്.

2472 സ്‌ക്വയർ ഫീറ്റിൽ മൂന്ന് നിലയിലുള്ള ബിൽഡിംഗാണ് പണിയുന്നത്. താഴത്തെ നിലയിൽ 227 സ്‌ക്വയർ ഫീറ്റിൽ കാർപോർച്ചും ഉണ്ടാവും. കോർട്ട് റോഡിന് അഭിമുഖമായാണ് സ്റ്റേഷൻ നിലനിൽക്കുന്നത്. കഴിഞ്ഞ മാർച്ചാലാണ് പ്രവർത്തനങ്ങൾ തുടങ്ങിയത്. നിലവിൽ മൂന്നാമത്തെ നിലയിലെ ഷീറ്റുകൂടി സ്ഥാപിച്ചാൽ പണി പൂർത്തിയാവും.

56 ജീവനക്കാരാണ് നിലവിൽ ആലത്തൂർ സ്റ്റേഷനിലുള്ളത്. ഇതിൽ എട്ട് വനിതകളും ഉൾപ്പെടും. കഴിഞ്ഞ വി.എസ് സർക്കാരിന്റെ കാലത്താണ് ആധുനിക പൊലീസ് സ്റ്റേഷൻ ആലത്തൂരിൽ വേണമെന്ന് നിർദ്ദേശമുണ്ടായത്. അന്നുതന്നെ ഇതിനായുള്ള സ്ഥലം കണ്ടെത്തിയിരുന്നു. പുതിയ സ്റ്റേഷന്റെ പണി പൂർത്തിയായാൽ റവന്യൂ വകുപ്പിന്റെ ഉടമസ്ഥതയിലുള്ള നിലവിലെ പൊലീസ് സ്റ്റേഷൻ വകുപ്പ് ഏറ്റെടുക്കുമെന്നാണ് സൂചന. എന്നാൽ നിലവിലെ സ്റ്റേഷൻ ട്രാഫിക് സ്റ്റേഷനായി മാറ്റണമെന്നാണ് ജനങ്ങളുടെ ആവശ്യം.