ആലത്തൂർ: പാടങ്ങളിൽ സൂക്ഷ്മമൂലക വളക്കൂട്ട് പ്രയോഗം നടത്താനും ജൈവ കീടനാശിനിക തളിക്കാനും ആലത്തൂരിൽ ഡ്രോണുകൾ പറന്നു തുടങ്ങും. ആലത്തൂർ മണ്ഡലം കാർഷിക വികസന പദ്ധതി 'നിറ' ആണ് ജില്ലയിൽ ആദ്യമായി ഡ്രോണിന്റെ സഹായം ലഭ്യമാക്കുന്നത്. ഇന്ന് രാവിലെ 9.30ന് ആലത്തൂർ കീഴ്പ്പാടം പാടശേഖരത്തിൽ കെ.ഡി.പ്രസേനൻ എം.എൽ.എ ഡ്രോൺ പറത്തി ഉദ്ഘാടനം ചെയ്യും. കേരള കാർഷിക സർവ്വകലാശാല ഡയറക്ടർ ഓഫ് റിസർച്ച് ഗവേഷണ വിഭാഗം മേധാവി ഡോ. പി.ഇന്ദിരാദേവി മുഖ്യാതിഥിയാവും. കേരള കാർഷിക സർവ്വകലാശാല ജൈവീക കീടരോഗ നിയന്ത്രണ വിഭാഗം മേധാവി ഡോ.മധു സുബ്രമണ്യം ചാഴിക്കെതിരെ വികസിപ്പിച്ച കീടനാശിനിയായ ബ്യൂവേറിയ ഡ്രോൺ മുഖേന തളിക്കുന്നതിന് നേതൃത്വം നൽകും. നിറയുടെ നേതൃത്വത്തിൽ പരിസ്ഥിതി സൗഹൃദ ഏകീകൃത നെൽകൃഷി നടത്തുന്ന 3100 ഏക്കറിൽ മരുന്ന് തെളിക്കും. സൂക്ഷ്മ മൂലക വളക്കൂട്ടിന്റെയും കേരള കാർഷിക സർവ്വകലാശാല ജൈവീകകീട നിയന്ത്രണ വിഭാഗം വികസിപ്പിച്ചെടുത്ത ജൈവ കീടനാശിനിയായ ബ്യൂവേറിയയുടെ ഏരിയൽ സ്‌പ്രേയിംഗുമാണ് നടക്കുക.