18 ദിവസത്തിനിടെയുണ്ടായത് 42 തീപിടിത്തം
പാലക്കാട്: വേനലെത്തും മുമ്പേ ജില്ലയിൽ തീപ്പിടിത്തങ്ങൾ വർദ്ധിച്ചു തുടങ്ങി, ഒപ്പം ആശങ്കയും. മുണ്ടൂർ ഐ.ആർ.ടി.സിയിൽ വ്യാഴം, വെള്ളി ദിവസങ്ങളിലെ ഉയർന്ന ചൂട് 37 ഡിഗ്രിയാണ് രേഖപ്പെടുത്തിയത്. ഈ മാസം ഇന്നലെവരെ പാലക്കാട് ഫയർ സ്റ്റേഷൻ പരിധിയിൽ മാത്രം 42 തീപിടിത്തമാണ് ഉണ്ടായിട്ടുള്ളത്. ജനങ്ങളുടെ അശ്രദ്ധ മൂലമുണ്ടാകുന്ന അപകടങ്ങളാണ് ഇതിൽ കൂടുതതലുമെന്ന് അധിതർ പറയുന്നു. ചൂട് വർദ്ധിക്കുന്ന സാഹചര്യത്തിൽ അഗ്നിബാധ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണെന്നും പൊതുജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്നും അധികൃതർ മുന്നറിയിപ്പ് നൽകുന്നു.
നാശനഷ്ടം 10 ലക്ഷത്തിലധികം
കഴിഞ്ഞ 18 ദിവസത്തിനിടെയുണ്ടായ 42 തീപിടത്തങ്ങളിലായി ആകെ പത്ത് ലക്ഷത്തിലധികം രൂപയുടെ നാശനഷ്ടം ഉണ്ടായതായി അധികൃതർ വ്യക്തമാക്കി. ധോണി, മുണ്ടൂർ, കോങ്ങാട് പ്രദേശങ്ങളിലെ കർഷകരുടെ റബർ, തെങ്ങ് തുടങ്ങിയ തോട്ടങ്ങൾ കത്തിയതാണ് നാശനഷ്ടം കൂടാൻ കാരണം. തോട്ടങ്ങളുടെ പരിസരത്ത് മാലിന്യം കത്തിച്ചതുമൂലം തീ പടർന്നാണ് അപകടങ്ങൾ ഉണ്ടായിട്ടുള്ളത്.
വേണ്ടത് മുൻകരുതൽ
മാലിന്യം ട്രാൻസ്ഫോർമറുടെ ചുവട്ടിൽ നിക്ഷേപിച്ച് കത്തിക്കരുത്
പകൽ സമയങ്ങളിൽ മാത്രം മാലിന്യം കത്തിക്കുക
മാലിന്യം കത്തിക്കഴിഞ്ഞാൽ വെള്ളമൊഴിച്ച് അണയ്ക്കുക
എല്ലാ വ്യാപാര സ്ഥാപനങ്ങളും മാലിന്യം ദിവസേന നീക്കം ചെയ്യുക
വീടിന്റെയും സ്ഥാപനങ്ങളുടെയും പത്ത് മീറ്റർ അകലംവരെ വൃത്തിയായി സൂക്ഷിക്കുക
ഒഴിഞ്ഞ പറമ്പുകളിൽ മാലിന്യം നിക്ഷേപിക്കാതിരിക്കുക
ചെറിയ രീതിയിലുള്ള തീ പെട്ടെന്ന് അണയ്ക്കാൻ ശ്രമിക്കുക
വീട്ടുപരിസരത്തെയും പറമ്പിലെയും പുല്ല് ഉണങ്ങുന്നതിന് മുമ്പേ വൃത്തിയാക്കുക