പാലക്കാട്: പൾസ് പോളിയോ ഇമ്യൂണൈസേഷൻ പദ്ധതിയിലൂടെ ജില്ലയിൽ പോളിയോ പ്രതിരോധ തുള്ളിമരുന്ന് വിതരണം ഇന്ന് നടക്കും. ജില്ലാതല ഉദ്ഘാടനം രാവിലെ എട്ടിന് ജില്ലാ വനിതാ-ശിശു ആശുപത്രിയിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ.ശാന്തകുമാരി നിർവഹിക്കും. നഗരസഭ ചെയർപേഴ്‌സൺ പ്രമീള ശശിധരൻ അദ്ധ്യക്ഷത വഹിക്കും.
അഞ്ച് വയസിന് താഴെയുള്ള കുട്ടികൾക്കാണ് തുള്ളിമരുന്ന് നൽകുന്നത്. ഇതിനുള്ള ബൂത്തുകൾ രാവിലെ എട്ടു മുതൽ വൈകീട്ട് അഞ്ചുവരെ പ്രവർത്തിക്കുമെന്ന് ഡി.എം.ഒ ഡോ. കെ.പി.റീത്ത പറഞ്ഞു.അംഗൺവാടികൾ, ആരോഗ്യകേന്ദ്രങ്ങൾ, സ്‌കൂൾ, ബസ് സ്റ്റാന്റുകൾ, റെയിവേ സ്‌റ്റേഷനുകൾ, ഉത്സവ സ്ഥലങ്ങൾ തുടങ്ങിയ കുട്ടികൾ വന്നുപോകാൻ ഇടയുള്ള എല്ലാഭാഗത്തും പ്രത്യേകം ബൂത്തുകളും പ്രവർത്തിക്കും.
മുമ്പ് പോളിയോ മരുന്ന് നൽകിയിട്ടുള്ള അഞ്ച് വയസിന് താഴെയുള്ള എല്ലാ കുട്ടികൾക്കും ഇന്ന് മരുന്ന് നൽകണം.
രോഗ പ്രതിരോധ ചികിത്സാ പട്ടിക പ്രകാരം വാക്‌സിൻ നൽകിയ കുട്ടികൾക്കും മരുന്ന് നൽകേണ്ടതാണ്. ഇന്ന് മരുന്ന് കഴിക്കാൻ സാധിക്കാത്ത കുട്ടികൾക്കായി 20, 21 തിയ്യതികളിൽ ആരോഗ്യപ്രവർത്തകർ വീടുകളിലെത്തി മരുന്ന് നൽകുമെന്ന് അധികൃതർ പറഞ്ഞു.

 2148 ബൂത്തുകളാണ് സജ്ജമാക്കിയിട്ടുള്ളത്.

 68 ട്രാൻസിറ്റ് ബൂത്തുകളുമുണ്ടാകും

 അഞ്ച് മേള, ബസാർ ബൂത്തുകൾ

 100 മൊബൈൽ ബൂത്തുകളും ഉണ്ടാകും. ഇതുവഴി 2.15 ലക്ഷം കുട്ടികൾക്ക് തുള്ളിമരുന്ന് നൽകുമെന്ന് അധികൃതർ പറഞ്ഞു.