പാലക്കാട്: കേരളത്തിലേക്ക് കടത്താനായി തമിഴ്‌നാട്ടിൽ സൂക്ഷിച്ചുവച്ച വൻ സ്പിരിറ്റ് ശേഖരം എക്‌സൈസ് വകുപ്പ് കണ്ടെത്തി. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ പാലക്കാട് എക്സൈസ് ഐ.ബിയും, സ്‌പെഷ്യൽ സ്‌ക്വാഡും സംയുക്തമായി നടത്തിയ പരിശോധനയിലാണ് തിരുപ്പൂർ ചിന്നകാണൂർ ഭാഗത്ത് ഗണേശൻ എന്നയാളുടെ ഉടമസ്ഥതയിലുള്ള സ്ഥലത്തുനിന്ന് സ്പിരിറ്റ് കണ്ടെത്തിയത്. 450 കന്നാസുകളിലായി സൂക്ഷിച്ചു 15750 ലിറ്റർ സ്പിരിറ്റാണ് കണ്ടെത്തിയത്.
കഴിഞ്ഞ ദിവസം തൃശൂരിൽ വരന്തരപ്പിള്ളി ഭാഗത്തു നിന്ന് പൊലീസ് പിടികൂടിയ സ്പിരിറ്റ് കേസുമായി ബന്ധപ്പെട്ട് പാലക്കാട് ഐ.ബി നടത്തിയ രഹസ്യ അന്വേഷണത്തിന്റെ ഭാഗമായാണ് സ്പിരിറ്റ് കണ്ടെത്താനായത്. പിടികൂടിയ സ്പിരിറ്റിനു 60 ലക്ഷം രൂപ വിലവരും. സംഭവവുമായി ബന്ധപ്പെട്ട് ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. പിടിച്ചെടുത്ത സ്പിരിറ്റ് തുടർ അന്വേഷണത്തിനായി തമിഴ്‌നാട് പൊലീസിന് കൈമാറി.
സമാന രീതിയിൽ കഴിഞ്ഞമാസം തമിഴ്‌നാട്ടിലെ ഗുഡിമംഗലം ഭാഗത്തു നിന്ന് 10,000 ലിറ്റർ സ്പിരിറ്റ് കണ്ടെത്തിയിരുന്നു. പാലക്കാട് എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ പി.കെ.സതീഷ്, ഐ.ബി ഇൻസ്‌പെക്ടർ വി.അനൂപ്, പ്രിവന്റീവ് ഓഫീസർമാരായ സെന്തിൽ കുമാർ, റിനോഷ്, സജിത്, യൂനസ്, ജിഷു, മൻസൂർ, സുരേഷ്, റാഫി, സത്താർ, സെൽവൻ എന്നിവർ പരിശോധനയിൽ പങ്കെടുത്തു.