ചെർപ്പുളശ്ശേരി: കുലുക്കല്ലൂർ പഞ്ചായത്തിൽ ആരോഗ്യ ബോധവത്കരണവുമായി ബന്ധപ്പെട്ട് ഗൃഹസന്ദർശനത്തിന് ഇറങ്ങിയ ആശാവർക്കർമാർക്കു നേരെ കൈയ്യേറ്റ ശ്രമം. കഴിഞ്ഞ 14നാണ് സംഭവം. പഞ്ചായത്തിലെ ഏഴാം വാർഡിൽ ഗൃഹസന്ദർശനം നടത്തുന്നതിനിടെ പൗരത്വ സർവേയാണെന്ന് തെറ്റിദ്ധരിച്ചാണ് ചിലർ ആശാവർക്കർമാരെ തടയുകയും കേയ്യേറ്റം ചെയ്യാനും ശ്രമിച്ചത്.
ആശാപ്രവർത്തകരായ 20പേരും, അഞ്ച് ഉദ്യോഗസ്ഥരുമാണ് സംഘത്തിലുണ്ടായിരുന്നത്. മൂന്ന് ടീമുകളായി തിരിഞ്ഞാണ് ഇവർ ഗൃഹസന്ദർശനം നടത്തിയിരുന്നത്. വാർഡ് അംഗത്തെ മുൻകൂട്ടി അറിയിച്ച ശേഷമായിരുന്നു ഗൃഹസന്ദർശനം. വീട്ടുകാരിൽ നിന്നും ആരോഗ്യ സംബന്ധമായ വിവരങ്ങൾ ശേഖരിക്കുന്നതിനിടെ പുറത്തുനിന്നെത്തിയ മൂന്ന് പേരാണ് തങ്ങളെ തടയുകയും വീടുകൾ കയറിയുള്ള ബോധവത്കരണവും പ്രവർത്തനങ്ങളും വേണ്ടെന്ന് പറഞ്ഞ് പോകാൻ ആവശ്യപ്പെട്ടതെന്നും ആശാ പ്രവർത്തകർ പറഞ്ഞു. ഈ ദൃശ്യങ്ങൾ മൊബൈലിൽ പകർത്താൻ ശ്രമിച്ചപ്പോൾ മൊബൈൽ പിടിച്ചുവാങ്ങിയെന്നും അസഭ്യം പറഞ്ഞെന്നു ഇവർ പറഞ്ഞു.
സംഭവത്തെ തുടർന്ന് വാർഡിലെ പ്രവർത്തനം ഇവർ നിർത്തിവച്ചു. ഇതുമായി ബന്ധപ്പെട്ട് പഞ്ചായത്തിലെത്തിയും ചിലർ മോശമായി പെരുമാറിയതായി പരാതിയുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് പഞ്ചായത്തിൽ ആശാപ്രവർത്തകരെയും, ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരെയും പങ്കെടുപ്പിച്ച് യോഗം ചേർന്നു. കുറ്റക്കാർക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും പഞ്ചായത്ത് പ്രസിഡന്റ് കെ.അബ്ദുൾ കരീം പറഞ്ഞു. ആശാപ്രവർത്തകരുടെ ഗൃഹസന്ദർശനത്തിന് പൗരത്വ സർവ്വേയുമായി ബന്ധമില്ലെന്നും പ്രസിഡന്റ് അറിയിച്ചു.