ആലത്തൂർ: കാർഷികവൃത്തിക്ക് പുത്തൻവേഗം പകർന്ന് സൂക്ഷ്മമൂലക വളക്കൂട്ടും ജൈവ കീടനാശിനികളുമായി ആലത്തൂരിലെ പാടശേഖരങ്ങളിൽ ഡ്രോൺ പറന്നു തുടങ്ങി. നിയോജക മണ്ഡലം കാർഷിക വികസന പദ്ധതി 'നിറ' യും നിറ ഹരിത മിത്ര സൊസൈറ്റിയുമാണ് പാലക്കാട് ജില്ലയിലാദ്യമായി ഡ്രോണുമായി രംഗത്തെത്തിയത്. കേരള കാർഷിക സർവകലാശാല ജൈവിക കീടരോഗ നിയന്ത്രണ വിഭാഗം ചാഴിക്കെതിരായി വികസിപ്പിച്ചെടുത്ത ബ്യൂവേറിയ എന്ന ജൈവ കീടനാശിനിയും സൂക്ഷ്മമൂലക വളക്കൂട്ടും ഡ്രോൺ ഉപയോഗിച്ച് പ്രയോഗിച്ചു.

കീഴ്പാടം പാടശേഖരത്തിൽ കെ.ഡി.പ്രസേനൻ എം.എൽ.എ ഡ്രോൺ പറത്തി ഉദ്ഘാടനം ചെയ്തു. ആലത്തൂർ പഞ്ചായത്ത് പ്രസിഡന്റ് ടി ജി ഗംഗാധരൻ അധ്യക്ഷനായി. കാർഷിക സർവകലാശാല അസോസിയേറ്റ് ഡയറക്ടർ ഓഫ് റിസർച്ച് ഡോ മധു സുബ്രമണ്യം മുഖ്യാതിഥിയായി.

നെല്ലിന്റെ മണിത്തൂക്കം വർദ്ധിപ്പിക്കുന്ന ബോറോൺ, സിലിക്ക, പൊട്ടാഷ് തുടങ്ങിയ മൂലകങ്ങളുടെ വിവിധ ഫോർമലേഷനുകളും നാനോ സാങ്കേതിക വിദ്യ ഉപയോഗിച്ച് തയ്യാറാക്കിയ മൈക്രോസ്‌പ്രേകളുമാണ് കതിർ വരുന്നതിനു മുൻപായി നെല്ലോലകളിൽ തളിച്ചത്. ഒരു ഏക്കറിൽ സാധാരണ രീതിയിൽ തളിക്കാൻ 100 ലിറ്റർ മിശ്രിതം ആവശ്യമായി വരുന്നിടത്തിൽ ഡ്രോൺ ഉപയോഗിക്കുന്നതിനാൽ 20 ലിറ്റർ മാത്രം മതിയാവും. വെള്ളത്തിന്റെ അളവ് കുറയുന്നതിനാൽ നെല്ലോലകളിൽ എളുപ്പം പടർന്ന് വേഗത്തിൽ ആഗിരണം ചെയ്യും.ഇത് വിളവ് വർദ്ധിക്കാൻ സഹായിക്കും. കാക്കനാട് ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന റോവോനൈസ് ഡ്രോൺ സിസ്റ്റംസ് രൂപകൽപന ചെയ്ത ആഗ്രോ ഡ്രോൺ കേരളത്തിന്റെ കാലാവസ്ഥയ്ക്ക് അനയോജ്യമായാണ് തയ്യാറാക്കിയിരിക്കുന്നത്. സെൻസർ, ഓട്ടോ പൈലറ്റ് എന്നീ സംവിധാനങ്ങൾ ഉപയോഗിച്ചാണ് പ്രവർത്തിക്കുന്നത്. അപകട സാധ്യതാഘട്ടങ്ങളിൽ സ്വയം നിയന്ത്രിക്കുകയും ചെയ്യും. ആലത്തൂരിൽ പരിസ്ഥിതി സൗഹൃദ ഏകീകൃത നെൽകൃഷി നടത്തുന്ന 3100 ഏക്കറിൽ സ്‌പ്രേയിംഗ് നടത്തും.700 രൂപയാണ് കർഷകരിൽ നിന്നും ഈടാക്കുക. നിറ ഹരിത മിത്ര സൊസൈറ്റി അംഗങ്ങൾക്ക് 200 രൂപ സബ്‌സിഡിയും ലഭിക്കും.