cycle

പാലക്കാട്: സ്വാതന്ത്ര്യ സമര കാലഘട്ടത്തിന്റെ ജീവൻ തുടിക്കുന്ന ഓർമ്മകളാണ് ഹരിനായിഡുവിന്റെ വീട്ടുമുറ്റത്ത് ചില്ലുപെട്ടിയിൽ സൂക്ഷിച്ചിരിക്കുന്ന 103 വർഷം പഴക്കമുള്ള ഈ സൈക്കിൾ.

സ്വാതന്ത്ര്യ സമര സേനാനിയായിരുന്ന പിതാവ് ആർ. മുത്തുകൃഷ്ണൻ ഉപയോഗിച്ചിരുന്ന സൈക്കിളാണ് കുന്നത്തൂർമേടിലുള്ള വീട്ടുമുറ്രത്ത് മൂന്നുപതിറ്റാണ്ടായി ഇളയമകൻ എൺപത്തിരണ്ടുകാരനായ ഹരിനായിഡു നിധിപോലെ സൂക്ഷിക്കുന്നത്.

1902ലാണ് മുത്തുകൃഷ്ണൻ നായിഡു ജനിച്ചത്. പഠനകാലം മുതൽ ഗാന്ധിജി ഇഷ്ട നേതാവായി. പതിമൂന്നാം വയസിൽ ഗാന്ധിജിയുടെ സമരങ്ങൾക്ക് പിന്തുണയുമായിറങ്ങി. 1917ൽ പതിനഞ്ചാം വയസിലാണ് 13 രൂപയ്ക്ക് സൈക്കിൾ വാങ്ങിയത്. അക്കാലത്ത് സൈക്കിൾ വലിയ കൗതുകമായിരുന്നു. വല്ലപ്പോഴും വരുന്ന കാളവണ്ടി ഒഴിച്ചാൽ സൈക്കിളാണ് നിരത്തിലെ താരം. ജില്ലയിലുടനീളം രാഷ്ട്രീയ പ്രവർത്തനത്തിന് സൈക്കിളിലായിരുന്നു യാത്ര. കൃഷിയിടങ്ങളിലേക്കുള്ള അദ്ദേഹത്തിന്റെ യാത്രയും സൈക്കിളിൽത്തന്നെ. സ്വാതന്ത്ര്യസമര സേനാനി എന്നതിനോടൊപ്പം നഗരസഭ കൗൺസിലറും കേരള പ്രൊവിൻഷ്യൽ കോൺഗ്രസ് കമ്മിറ്റി അംഗവും ടൗൺ മണ്ഡലം പ്രസിഡന്റുമായിരുന്നു മുത്തുകൃഷ്ണൻ.

നിസഹകരണ പ്രസ്ഥാനവുമായി ബന്ധപ്പെട്ട സമരത്തിനും അദ്ദേഹം നേതൃത്വം നൽകി. 1942 ഒക്ടോബറിൽ തോട്ടി തൊഴിലാളി സമരം സംഘടിച്ചു. 1943 ജനുവരിയിൽ പാലക്കാടും മങ്കരയിലും സ്‌കൂൾ കെട്ടിടം കത്തിച്ച സംഭവത്തിൽ സംശയത്തിന്റെ പേരിൽ തഞ്ചാവൂരിൽ മൂന്നുകൊല്ലം ജയിൽവാസവും അനുഭവിച്ചു.

മുത്തുകൃഷ്ണന്റെ ഭാര്യ രാജലക്ഷ്മിയും മൂത്ത രണ്ട് മക്കളും മരിച്ചിട്ട് വർഷങ്ങളായി. 1985ലെ സ്വാതന്ത്ര്യ ദിനത്തിലാണ് മുത്തുകൃഷ്ണൻ മരിച്ചത്. അന്നുമുതലാണ് ഹരിറാവു വീട്ടുമുറ്റത്ത് സൈക്കിൾ സൂക്ഷിക്കാൻ തുടങ്ങിയത്. എല്ലാ വർഷവും സൈക്കിൾ പെയിന്റ് ചെയ്ത് വൃത്തിയാക്കും. ഭാര്യ ശകുന്തളയും മകൻ എച്ച്.മുത്തുകൃഷ്ണനും കുടുംബവും ഹരിറാവുവിനോടൊപ്പമുണ്ട്.