pkd-footboll
പാലക്കാട് നൂറണി ഫുട്‌ബോൾ ഗ്രൗണ്ടിലെ ഗാലറി ഇന്നലെ രാത്രി പൊളിഞ്ഞുവീണപ്പോൾ

പാലക്കാട്: കളിക്കളത്തിൽ ജീവൻ പൊലിഞ്ഞ മുൻ സന്തോഷ് ട്രോഫി താരം ആർ.ധനരാജിന്റെ കുടുംബത്തെ സഹായിക്കാൻ ജില്ലാ ഫുട്‌ബോൾ അസോസിയേഷൻ നൂറണി സിന്തറ്റിക് ഫുട്‌ബോൾ ടർഫിൽ നടത്തിയ ഫുട്‌ബോൾ മേളയിൽ ഗ്യാലറി തകർന്ന് അറുപതോളം പേർക്ക് പരിക്കേറ്റു. ഇന്നലെ രാത്രി 8.35നാണ് അപകടം.​ മുൻ ഇന്ത്യൻ താരങ്ങളായ ബൈച്ചുംഗ് ബൂട്ടിയ,​ ഐ.എം.വിജയൻ,​ സി.വി.പാപ്പച്ചൻ,​ യു.ഷറഫലി,​ സന്തോഷ് ട്രോഫി താരങ്ങളായ മിഥുൻ,​ ഹക്കീം,​ സുശാന്ത് മാത്യു തുടങ്ങിയവർ കളിക്കാനിരിക്കെയാണ് അപകടം.

മത്സരം തുടങ്ങാൻ നിമിഷങ്ങൾ ബാക്കി നിൽക്കെ കവുങ്ങ് കൊണ്ട് താത്കാലികമായി നിർമ്മിച്ച ഗ്യാലറിയാണ് തകർന്നത്. മൈതാനത്തിന് സ്ഥിരം ഗാലറിയില്ല. രണ്ട് ദിവസം മുമ്പാണ് ഗ്രൗണ്ടിന് ഇരുവശത്തുമായി ഗാലറി നിർമ്മിച്ചത്. ഇതിൽ ഒരു വശത്തെ 150 മീറ്റർ ഭാഗമാണ് തകർന്നത്. മുതിർന്നവരും കുട്ടികളുമടക്കം ആയിരത്തിലധികം പേരാണ് മത്സരം കാണാൻ ഇവിടെയുണ്ടായിരുന്നത്.

പൊലീസിന്റെയും ഫയർ ഫോഴ്സിന്റെയും നാട്ടുകാരുടെയും നേതൃത്വത്തിൽ ഉടൻ രക്ഷാപ്രവർത്തനം നടത്തി പരിക്കേറ്റവരെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടെയും നില ഗുരുതരമല്ലെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. പ്രാഥമിക ചികിത്സയ്ക്ക് ശേഷം ചിലരെ സമീപത്തെ സഹകരണ ആശുപത്രിയിലേക്ക് മാറ്റി.

തകർന്ന ഗ്യാലറിക്കകത്ത് ആരും കുടുങ്ങിയിട്ടില്ലെന്ന് രക്ഷാപ്രവർത്തകർ ഉറപ്പിച്ചിട്ടുണ്ട്. ഉദ്ഘാടന ചടങ്ങിനിടെയാണ് സംഭവം. ഇതോടെ മത്സരം ഉപേക്ഷിച്ചു. വി.കെ.ശ്രീകണ്ഠൻ എം.പി,​ ഷാഫി പറമ്പിൽ എം.എൽ.എ,​ നഗരസഭാദ്ധ്യക്ഷ പ്രമീള ശശിധരൻ തുടങ്ങിയവരും സ്ഥലത്തുണ്ടായിരുന്നു.