പാലക്കാട്: കഴിഞ്ഞദിവസം സെലിബ്രിറ്റി ഫുട്ബാൾ മത്സരത്തിനിടെ നൂറണി സിന്തറ്റിക് ടർഫിൽ തയ്യാറാക്കിയ താത്കാലിക ഗാലറി തകർന്ന സംഭവത്തിൽ ജില്ലാ ഫുട്ബാൾ അസോസിയേഷൻ ഭാരവാഹികൾക്കെതിരെയും നിർമ്മാണ കരാറുകാരനെതിരെയും പൊലീസ് കേസെടുത്തു. അപകടത്തിൽ പരിക്കേറ്റ് ആശുപത്രിയിൽ കഴിയുന്നവരുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് ഷാഫി പറമ്പിൽ എം.എൽ.എയും കരാറുകാരൻ ചൊറുതിരുത്തി സ്വദേശി മൊയ്തീൻ ഉൾപ്പെടെയുള്ളവർക്കെതിരെ ടൗൺ സൗത്ത് പൊലീസ് കേസെടുത്തിട്ടുള്ളത്. ശ്രദ്ധയില്ലാത്തതും ഉദാസീനവുമായ നിർമ്മാണപ്രവർത്തി മൂലം വപൊതുജനങ്ങളുടെ ജീവൻ അപകടപ്പെടുത്തിയതിന് റാഷ് ആന്റ് നെഗ്ലജന്റ്സ് ആക്ട് 336, 337, 338 വകുപ്പുപ്രകാരമാണ് കേസെടുത്തിട്ടുള്ളത്.
ഗാലറി നിർമ്മാണത്തിനായി പണം അടച്ച് ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റർ അനുമതി മാത്രമാണ് സംഘാടകർ നേടിയിരുന്നത്. അഗ്നിരക്ഷാ സേനയുടെ അനുമതിക്കായി അപേക്ഷപോലും സമർപ്പിച്ചിരുന്നില്ല. ഒരുദിവസത്തെ പ്രദർശന മത്സരമായതിനാലാവാം ഫുട്ബാൾ അസോസിയേഷൻ ഇത്തരം കാര്യങ്ങൾ ശ്രദ്ധിക്കാതിരുന്നത്. സാധാരണ ടൂർണമെന്റുകൾക്ക് ദൈർഘ്യം കൂടുതലായതിനാൽ നിയമാനുസൃതമായ അനുമതികളെല്ലാം സംഘാടകർ നേടുക പതിവാണ്. ടൂർണമെന്റിന് ഒരാഴ്ചമുമ്പേ ഗാലറിയുടെ നിർമ്മാണ സമയത്ത് അഗ്നിരക്ഷാ സേന പരിശോധിച്ചാണ് അനുമതി നൽകുക. കഴിഞ്ഞദിവസം മത്സര സമയത്ത് ഫയർഫോഴ്സിന്റെ വാഹനവും ഗ്രൗണ്ടിലില്ലായിരുന്നു. പൊലീസിന് ഒൗദ്യോഗികമായി അസോസിയേഷൻ കത്തുനൽകിയെന്നാണ് അറിയുന്നത്.
സിന്തറ്റിക് ടർഫിന്റെ ഉദ്ഘാടന സമയത്ത് രണ്ട് വർഷം മുമ്പും ഇത്തരത്തിൽ ഗാലറി തകർന്നിരുന്നു. ഒരു മുൻ അനുഭവം ഉണ്ടായിട്ടും സംഘാടകർ ഗാലറിയുടെ സുരക്ഷ സംബന്ധിച്ച കാര്യങ്ങളിൽ പാലിക്കേണ്ട മാനദണ്ഡങ്ങളൊന്നും പാലിച്ചില്ല. ആവശ്യത്തിലധികം സമയം ലഭിച്ചിരുന്നെങ്കിലും അവസാന രണ്ടുദിവസത്തിനിടെയാണ് ഗാലറി തട്ടിക്കൂട്ടിയത്. പ്രദർശന മത്സരത്തിന് ഒരുദിവസം മുന്നേ ട്രയലായി കോളേജ് ലീഗും നടത്താൻ തീരുമാനിച്ചിരുന്നെങ്കിലും ഗാലറിയുടെ പണി പൂർത്തിയാവാത്തതിനാൽ അത് ഉപേക്ഷിക്കുകയായിരുന്നു. 17ന് ഗാലറിയുടെ നിർമ്മാണം പൂർത്തിയാക്കി ഫിറ്റ്നെസ് നേടിത്തരാമെന്നാണ് കരാറുകാരൻ ഏറ്റിരുന്നത്. പക്ഷേ, അവസാന രണ്ടുദിവസങ്ങളിലായാണ് ഗാലറി നിർമ്മിച്ചത്. നിർമ്മാണത്തിലെ അശ്രദ്ധയാണ് അപകട കാരണം. പൊളിഞ്ഞുവീണ ഭാഗത്തെ തൂണുകൾക്ക് ആഴം കുറവായിരുന്നതായി സ്ഥലം പരിശോധിച്ച ഫയർഫോഴ്സ് ജില്ലാ മേധാവി അരുൾഭാസ്കർ പറഞ്ഞു. അമിതഭാരം കൂടിയായപ്പോൾ ഗാലറി ഒരുവശത്തേക്ക് ചരിയുകയായിരുന്നു. മലബാറിലെയും മറ്റും സെവൻസ് ടൂർണമെന്റുകൾക്ക് സ്ഥിരം ഗാലറി പണിയുന്ന മൊയ്തീന് ഇതാദ്യ അനുഭവമാണ്.