പാലക്കാട്: ധനരാജിന്റെ കുടുംബത്തെ സഹായിക്കാനായി സംഘടിപ്പിച്ച സെലിബ്രിറ്റി ഫുട്‌ബാൾ മത്സരത്തിന്റെ ഗാലറി തകർന്ന് പരിക്കേറ്റവരുടെ ചികിത്സാ ചെലവുകൾ ഏറ്റെടുക്കുമെന്ന് ഷാഫി പറമ്പിൽ എം.എൽ.എ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ജില്ലാ ഫുട്‌ബാൾ അസോസിയേഷൻ പ്രസിഡന്റ് എന്ന നിലയിൽ ഉത്തരവാദിത്തത്തിൽ നിന്നും ഒഴിഞ്ഞുമാറില്ല. നിയമനടപടികളോടും സഹകരിക്കും. നാലുലക്ഷം രൂപയോളം അധിക ബാധ്യതയാണ് പ്രതീക്ഷിക്കുന്നത്. ധനരാജിന്റെ കുടുംബത്തിനായി സമാഹരിച്ച തുകയിൽ നിന്നും ഒരുരൂപ പോലും അതിലേക്ക് മാറ്റില്ല.
പരിക്കേറ്റ 54 പേർ ജില്ലാ ആശുപത്രിയിലെത്തി. ഇതിൽ 23 പേരെ അവിടെ പ്രവേശിപ്പിച്ചു. സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ച അഞ്ചുപേരും ഡിസ്ചാർജായി. പാലന ആശുപത്രിയിൽ പ്രവേശിപ്പിച്ച രണ്ടുപേരിൽ ഒരാൾ ഡിസ്ചാർജായി. മറ്റൊരാളെ കോയമ്പത്തൂർ ഗംഗ ആശുപത്രിയിലേക്ക് മാറ്റി. തങ്കം ആശുപത്രിയിൽ അഞ്ചുപേരെ പ്രവേശിപ്പിച്ചു, മൂന്നുപേർ ഡിസ്ചാർജായി. ഒരാൾക്ക് ശസ്ത്രക്രിയ വേണം. ഏഴുപേർ ചികിത്സതേടിയ മലബാർ ഹോസ്പിറ്റലും അഞ്ചുപേരെത്തിയ വെൽകെയറിലും ഓരോ ആളുകൾ ചികിത്സയിലുണ്ട്.
എല്ലാ ആശുപത്രി മാനേജ്‌മെന്റുകളോടും പരിക്കേറ്റവരിൽ നിന്നും പണം ഈടാക്കരുതെന്ന് പറഞ്ഞിരുന്നു. ഇതിനിടയിൽ പണം അടച്ചവർക്ക് അതു തിരികെ നൽകും. ഇവരുടെ ചികിത്സയുമായി ബന്ധപ്പെട്ട എല്ലാകാര്യങ്ങളും ഏറ്റെടുക്കും.
പതിനായിരം പേരെ ഉൾക്കൊള്ളുന്ന ഗാലറികൾ നിർമിച്ച് ഇതുവരെ അപകടങ്ങളൊന്നും വരുത്താത്ത വ്യക്തിയാണെന്ന് ഉറപ്പുകിട്ടിയതിന്റെ അടിസ്ഥാനത്തിലാണ് കരാർ നൽകിയത്. നേരത്തെ ജോലി ആരംഭിക്കാൻ നിർദേശിച്ച് രണ്ടുലക്ഷം രൂപ മുൻകൂർ നൽകി. ഫിറ്റ്‌നസ് പരിശോധനയ്ക്ക് വിധേയമാക്കാൻ കഴിയുമെന്ന് ഉറപ്പും നൽകിയതായി ഷാഫി പറഞ്ഞു. ഇങ്ങനെ ഒരു സാഹചര്യത്തിൽ രാഷ്ട്രീയ മുതലെടുപ്പ് വേണോയെന്ന് സമരത്തിനിറങ്ങിയവർ ആത്മപരിശോധന നടത്തണമെന്നും അദ്ദേഹം പറഞ്ഞു.
67 താരങ്ങളാണ് എത്തിയത്. ഇനിയും വരാൻ തയ്യാറാണെന്ന് അവർ അറിയിച്ചിട്ടുണ്ട്. വാർത്താസമ്മേളനത്തിൽ കേരള ഫുട്‌ബാൾ അസോസിയേഷൻ ട്രഷറർ ശിവകുമാർ, ഡി.എഫ്.എ സെക്രട്ടറി പി. സുധാകരൻ പങ്കെടുത്തു.
ധനരാജിന്റെ കുടുംബത്തിനായി 18,59,580 രൂപ സമാഹരിച്ചു
പാലക്കാട്: കളിക്കളത്തിൽ പൊലിഞ്ഞ മുൻ സന്തോഷ് ട്രോഫി താരം ധനരാജിന്റെ കുടുംബത്തിനായി 18,59,580 രൂപ ഇതുവരെ സമാഹരിക്കാനായെന്ന് ഷാഫി പറമ്പിൽ എം.എൽ.എ അറിയിച്ചു. ധനരാജിന്റെ മകളുടെ പ്ലസ്ടു വരെയുള്ള വിദ്യാഭ്യാസം സൗജന്യമായി ഏറ്റെടുക്കാൻ സന്നദ്ധനായി ഒരാൾ വന്നിട്ടുണ്ട്. ഗ്രൗണ്ട് കളക്ഷൻ 2,75,800 രൂപയാണ്. ബാക്കി തുകയെല്ലാം സഹൃദയരുടെ സംഭാവനയാണ്.
നിലമ്പൂരിൽ നിന്നും നിഷാദ് 5 ലക്ഷംരൂപയുടെ ചെക്ക് തന്നു. പെരിന്തൽമണ്ണ കാദറലി സെവൻസ് ഫുട്‌ബാൾ ടൂർണമെന്റ് സംഘാടകർ 4,25,000 രൂപ ധനരാജിന്റെ മകളുടെ പേരിൽ സ്ഥിരനിക്ഷേപം നടത്തി രസീത് തന്നു. ഫേസ് ബുക്കിൽ പോസ്റ്റ് ചെയ്ത ഇവരുടെ അക്കൗണ്ട് നമ്പറിലേക്ക് ഒരുലക്ഷത്തിലേറെ രൂപവന്നു. കേരള ക്രിക്കറ്റ് അസോസിയേഷനും രണ്ടുലക്ഷം രൂപ നീക്കിവെച്ചിട്ടുണ്ട്. ഇതെല്ലാം ചേർന്നാണ് പതിനെട്ടര ലക്ഷത്തിലേറെ രൂപ സമാഹരിച്ചത്.
പണമായും ചെക്കായും സഹായം നൽകിയവരുടെ വിവരങ്ങൾ ഷാഫി വാർത്താസമ്മേളനത്തിൽ വിശദീകരിച്ചു. ധനരാജിന്റെ കുടുംബത്തെ സഹായിക്കാൻ ആത്മാർഥമായി പരിശ്രമിച്ചു. അപ്രതീക്ഷിത ദുരന്തത്തിൽ അങ്ങേയറ്റം വിഷമമുണ്ട്. ഇതിൽ നിന്നുള്ള ചില്ലി കാശുപോലും സംഘാടനത്തിന്റെ ചെലവിനോ ദുരന്തത്തിന്റെ ബാധ്യതയിലേക്കോ നീക്കിവെക്കില്ലെന്നും ഷാഫി പറഞ്ഞു.