ആലത്തൂർ: ജില്ലയിലെ വിവിധ ഭാഗങ്ങളിൽ മണിചെയിൻ തട്ടിപ്പിൽ ഉൾപ്പെട്ട സംഭവത്തിൽ ആലത്തൂർ ബ്ലോക്ക് സെക്രട്ടറി കെ.രജനീഷിനെ ഡി.വൈ.എഫ്.ഐ യിൽ നിന്നും ആറുമാസത്തേക്ക് പുറത്താക്കി. കഴിഞ്ഞദിവസം ചേർന്ന ബ്ലോക്ക് കമ്മിറ്റി യോഗത്തിലാണ് ജില്ലാ കമ്മിറ്റിയുടെ റിപ്പോർട്ട് ജില്ലാ സെക്രട്ടറി ടി.എം.ശശി അവതരിപ്പിച്ചത്. ജില്ലാ കമ്മിറ്റിക്ക് ലഭിച്ച രണ്ട് പരാതികളുടെ അടിസ്ഥാനത്താലാണ് നടപടിയെന്നാണ് വിശദീകരണം.

മണിചെയിൻ തട്ടിപ്പിൽ ഉൾപ്പെട്ട സി.പി.എം ആലത്തൂർ ഏരിയാ കമ്മിറ്റിയംഗങ്ങളായ പി.സി.പ്രമോദ്, കെ.രജനീഷ് എന്നിവരെ സി.പി.എമ്മിൽ നിന്ന് ഒരു വർഷത്തേക്കും പാടൂർ ലോക്കൽ കമ്മിറ്റിയംഗം എസ്.അക്ബർ, ലോക്കൽ കമ്മിറ്റിയംഗമായ വാസദേവൻ വള്ളിക്കാട് എന്നിവരെ ആറു മാസത്തേക്കും നേരത്തെ പാർട്ടി സസ്‌പെന്റ് ചെയ്തിരുന്നു. തട്ടിപ്പിൽ ഉൾപ്പെട്ട ബ്ലോക്ക് സെക്രട്ടറിയെ നീക്കാതിരുന്നതാണ് ജില്ലാ കമ്മിറ്റിക്ക് പരാതി ലഭിക്കാൻ കാരണമായത്. സി.പി.എം അന്വേഷണ കമ്മിഷൻ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഡി.വൈ.എഫ്.ഐ ജില്ലാ കമ്മിറ്റി നടപടി സ്വീകരിക്കുകയായിരുന്നു.
കളങ്കമുണ്ടാക്കിയവർ തൽസ്ഥാനത്ത് തുടരുന്നത് പാർട്ടിക്ക് ക്ഷീണമുണ്ടാക്കുമെന്നാണ് ജില്ലാ കമ്മിറ്റി പറയുന്നത്. പാടൂർ ലോക്കൽ കമ്മിറ്റയംഗവും, മുൻ കാവശ്ശേരി പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാനുമായിരുന്ന കെ.സുനലീധരന്റെ ഭാര്യ സഹോദരൻ സജീവ് കരുണാണ് തട്ടിപ്പിന്റെ മുഖ്യസൂത്രധാരൻ. ഇയാൾ റിമാന്റിലാണ്. സുനലീധരനെയും പാർട്ടിയിൽ നിന്ന് ഒരു വർഷത്തേക്ക് പുറത്താക്കിയിരുന്നു.

ബ്ലോക്ക് കമ്മിറ്റിയോഗത്തിൽ ജില്ലാ പ്രസിഡന്റ് പി.പി.സമോദ്, ജോയിന്റ സെക്രട്ടറി ആശിഷ്, ചിഞ്ചു ജോസ് തുടങ്ങിയവർ പങ്കെടുത്തു.

ബുധനാഴ്ച അടിയന്തര യോഗം

പുറത്താക്കിയ കെ.രജനീഷിന് പകരം പുതിയ ബ്ലോക്ക് സെക്രട്ടറിയെ തിരഞ്ഞെടുക്കുന്നതിന് ബുധനാഴ്ച ജില്ലാ കമ്മിറ്റിയംഗങ്ങളുടെ സാന്നിധ്യത്തിൽ അടിയന്തര യോഗം ചേരും.