ചിറ്റൂർ: സ്ത്രീസുരക്ഷ സന്ദേശവുമായി ചിറ്റൂർ വണ്ടിത്താവളത്തു നിന്നും യുവാക്കൾ ഗോവയിലേക്ക് സൈക്കിളിൽ യാത്രതിരിച്ചു. ചിറ്റൂർ കന്നിമാരിയിലെ ഷിജുവും നന്ദിയോട് മേലെ കവറത്തോട് എം.സുനിലുമാണ് കഴിഞ്ഞദിവസം യാത്രതിരിച്ചത്.
1000 കി.മീറ്ററോളം ദൂരം എട്ടുദിവസങ്ങൾ കൊണ്ട് പൂർത്തീകരിക്കാൻ കഴിയുമെന്നാണ് ഇവർ പ്രതീക്ഷിക്കുന്നത്. ഇതാദ്യമായാണ് ഇത്രയും ദൂരം ഇരുവരും യാത്രചെയ്യുന്നത്. യാത്രാമദ്ധ്യേ വിതരണത്തിനായി സന്ദേശങ്ങളടങ്ങുന്ന ലഘുലേഖകളും കരുതിയിട്ടുണ്ട്. സൈക്കിൾ യാത്ര വണ്ടിത്താവളം ബസ് സ്റ്റാന്റിനു സമീപം ജില്ലാ പഞ്ചായത്ത് മെമ്പർ അഡ്വ. വി.മുരുകദാസ് ഫ്‌ളാഗ് ഓഫ് ചെയ്തു. പട്ടഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് കെ.ജയശ്രീ, എസ്.വിനോദ് ബാബു, അഡ്വ. ടി.മഹേഷ്, ടി.മോഹനൻ, അനിൽകുമാർ, സി.മധു, കെ.ജാസിർ, കെ.ഗോകുൽ തുടങ്ങിയവർ സംസാരിച്ചു. പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട്, ഉഡുപ്പി, ഗോകർണം, ഗോവ ഇപ്രകാരമാണ് യാത്രക്രമീകരിച്ചിരിക്കുന്നത്.