മണ്ണാർക്കാട്: കുടിവെള്ളത്തിലായി ആയിരങ്ങൾ നെട്ടോട്ടമോടുകയും നൂറ് കണക്കിനാളുകൾ ഗാർഹിക കണക്ഷനുവേണ്ടി അപേക്ഷ നൽകി കാത്തിരിക്കുയും ചെയ്യുമ്പോൾ ഫയർഫോഴ്സ് ജീവനക്കാർ കുടിവെള്ളടാങ്കിൽ നിന്ന് അനധികൃതമായി ജലചൂഷണം നടത്തിയ സംഭവത്തിൽ നടപടിക്കൊരുങ്ങി കുമരംപുത്തൂർ പഞ്ചായത്ത്. വട്ടമ്പലത്തുള്ള ഫയർഫോഴ്‌സ് സ്റ്റേഷൻ ഓഫീസർക്കാണ് പിഴയടക്കാൻ പഞ്ചായത്ത് സെക്രട്ടറി നോട്ടീസ് നൽകിയത്. മൂന്ന് ദിവസത്തിനുള്ളിൽ പിഴത്തുകയായ 15,500 രൂപ അടച്ചില്ലെങ്കിൽ ജീവനക്കാരുടെ ക്വാർട്ടേഴ്‌സിലേക്കുള്ള കണക്ഷൻ കട്ട് ചെയ്യുമെന്നും നോട്ടീസിൽ പറയുന്നു. പിഴയടക്കാനുള്ള സമയപരിധി ഇന്ന് തീരും.
വർഷങ്ങളായി ഫയർഫോഴ്‌സ് ജീവനക്കാരുടെ എട്ട് ക്വാർട്ടേഴ്‌സിലേക്ക് അനധികൃതമായാണ് വെള്ളം നിറച്ചിരുന്നത്. വെള്ളക്കരമായി ഒരു രൂപപോലും ഇതുവരെയായി ഉദ്യോഗസ്ഥർ അടച്ചിട്ടില്ല. ഇത് കേരള കൗമുദി നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു. ഈ വാർത്തയെ തുടർന്ന് ഇതുവരെയുള്ള വെള്ളക്കര ഇനത്തിൽ പിഴയടക്കണമെന്നും അനധികൃത കണക്ഷൻ നിയമാനുസൃതമാക്കണമെന്നും ആവശ്യപ്പെട്ടാണ് ഫയർസ്റ്റേഷൻ ഓഫീസർക്ക് പഞ്ചായത്ത് നോട്ടീസ് നൽകിയിരിക്കുന്നത്. ജീവനക്കാരുടെ ഭാഗത്ത് നിന്നുവന്ന വീഴ്ചയായതിനാൽ സ്വന്തം കൈയിൽ നിന്നും പിഴയടക്കേണ്ട സാഹചര്യം ഒഴിവാക്കാൻ ജീവനക്കാർ ശ്രമങ്ങൾ നടത്തുന്നുണ്ടെന്നാണ് അറിയുന്നത്.
അതേസമയം, പിഴ ഒഴിവാക്കാൻ ഭരണസമിതിയിലെ തന്നെ ചിലർ നീക്കങ്ങൾ നടത്തുന്നുണ്ടെന്നും ആക്ഷേപമുണ്ട്. ഇതെല്ലാം മറികടന്നാണ് പഞ്ചായത്ത് മന്നോട്ട് പോകുന്നത്. ഫയർഫോഴ്‌സ് സ്റ്റേഷനോട് ചേർന്നാണ് പഞ്ചായത്തിന്റെ ശുദ്ധജല സംഭരണി സ്ഥിതി ചെയ്യുന്നത്. ശുദ്ധീകരിച്ച കുടിവെള്ളമാണ് ഫയർഫോഴ്‌സ് ടാങ്ക് നിറക്കുന്നതിനും മറ്റും ഉപയോഗിക്കുന്നതെന്നും നാട്ടുകാർക്ക് പരാതിയുണ്ട്.