പാലക്കാട്: മുണ്ടൂർ യുവക്ഷേത്ര കോളേജിൽ 25ന് ആരംഭിക്കുന്ന കേരള ശാസ്ത്ര കോൺഗ്രസിന് മുന്നോടിയായുള്ള വിളംബരജാഥ ജില്ലയിൽ പര്യടനം തുടങ്ങി. കാലാവസ്ഥ വ്യതിയാനം എന്ന വിഷയത്തെ കേന്ദ്രീകരിച്ചാണ് ഈവർഷം ശാസ്ത്ര കോൺഗ്രസ് നടക്കുന്നത്. സിവിൽ സ്റ്റേഷനിൽ എത്തിയ പ്രചാരണവാഹനം ജില്ലാ കലക്ടർ ഡി. ബാലമുരളി ഫ്ലാഗ് ഒഫ് ചെയ്തു.

ശാസ്ത്രാവബോധം വളർത്തുകയെന്നത് മൗലിക കടമയാണെന്നും പാലക്കാട്ടെ വിദ്യാർത്ഥികൾക്കും യുവജനങ്ങൾക്കും കൂടുതൽ അവസരം നൽകുന്ന ശാസ്ത്ര കോൺഗ്രസ് ഏവരും പ്രയോജനപ്പെടുത്തണമെന്നും ജില്ലാ കളക്ടർ പറഞ്ഞു.

കേരള ശാസ്ത്ര സാങ്കേതിക വകുപ്പ്, കേരള ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റിയൂട്ട്, മുണ്ടൂർ യുവക്ഷേത്ര കോളേജ് സംയുക്തമായാണ് 32-ാമത് കേരള ശാസ്ത്ര കോൺഗ്രസ് സംഘടിപ്പിക്കുന്നത്. ശാസ്ത്ര കോൺഗ്രസിന്റെ ഭാഗമായി യുവക്ഷേത്ര കോളേജിലെ കോമേഴ്‌സ് വിഭാഗം വിദ്യാർത്ഥികൾ ഫ്ലാഷ് മോബ് അവതരിപ്പിച്ചു. പ്രചാരണ വാഹനം രണ്ടുദിവസങ്ങളിലായി ജില്ലയിലെ വിവിധ സ്‌കൂളുകൾ സന്ദർശിക്കും.

കെ.എഫ്.ആർ.എ ഡയറക്ടർ ഡോ. ശ്യാം വിശ്വനാഥൻ, ജില്ലാ ഇൻഫർമേഷൻ ഓഫീസർ പ്രിയ കെ. ഉണ്ണികൃഷ്ണൻ, യുവക്ഷേത്ര കോളേജ് ഡയറക്ടർ മാത്യു വാഴയിൽ, കെ എഫ് ആർ ഐ പ്രിൻസിപ്പൽ സയന്റിസ്റ്റ് ഡോ. മുഹമ്മദ് കുഞ്ഞ് എന്നിവർ സംസാരിച്ചു.

ഫോട്ടോ ... കേരള ശാസ്ത്ര കോൺഗ്രസിന് മുന്നോടിയായി സംഘടിപ്പിച്ച വിളംബരജാഥ സിവിൽ സ്റ്റേഷനിൽ ജില്ലാ കലക്ടർ ഡി. ബാലമുരളി ഫ്ലാഗ് ഒഫ് ചെയ്യുന്നു