പാലക്കാട്: നഗരത്തിലെ തിരക്കേറിയ ചന്ദ്രനഗർ ജംഗ്ഷനിൽ ട്രാഫിക് നിയന്ത്രണം അവതാളത്തിൽ. തിരക്കേറിയ രാവിലെയും വൈകീട്ടും പ്രദേശത്ത് ഗതാഗതം നിയന്ത്രിക്കാൻ പൊലീസിന്റെ സേവനമില്ലാത്തത് അപകടങ്ങൾക്കും വലിയ ഗതാഗത കുരുക്കിനും കാരണമാകുന്നതായി യാത്രക്കാർ പറയുന്നു. സമീപകാലത്ത് ചന്ദ്രനഗർ ജംഗ്ഷനിൽ സ്‌കൂട്ടർ യാത്രക്കാരി അപകടത്തിൽ മരിച്ചിരുന്നു.

പല റൂട്ടുകളിൽ നിന്ന് ചന്ദ്രനഗർ വഴി കടന്നുപോകുന്ന വാഹനങ്ങൾ ട്രാഫിക് നിയമങ്ങൾ പാലിക്കാറില്ല. സിഗ്നൽ ലൈറ്റുകളുടെ അഭാവമാണ് കാരണം. പൊള്ളാച്ചിഭാഗത്തേക്ക് വരുന്ന യാത്രികർക്ക് ദിശാസൂചകമായ സ്ഥാപിച്ച സിഗ്‌നൽ വിളക്ക് താഴെ വീണിട്ട് ആഴ്ചകളായെങ്കിലും ഇതുവരെ നന്നാക്കിയിട്ടില്ല. ഇതോടെ രാത്രിയാത്രികർ പ്രതിസന്ധിയിലായിരിക്കുകയാണ്.

വീട്ടമ്മ മരിച്ച അപകടത്തെ തുടർന്ന് മോട്ടോർ വാഹനവകുപ്പും ട്രാഫിക് പൊലീസും പ്രദേശത്തെ സിഗ്‌നലുകൾ പരിഷ്‌കരിക്കുമെന്നും ട്രാഫിക് പൊലീസിനെ നിയോഗിക്കുമെന്നും ഉറപ്പ് പറഞ്ഞിരുന്നെങ്കിലും നടപടിയായില്ല.

കൊച്ചി - സേലം ദേശീയപാത, കൊച്ചി - കോയമ്പത്തൂർ റൂട്ട്, പാലക്കാട് നഗരത്തിന്റെ വിവിധഭാഗങ്ങളിൽ നിന്നും വരുന്ന ചരക്ക് വാഹനങ്ങൾ, മറ്റ് ചെറുതും വലുതുമായ വാഹനങ്ങളും ഒലവക്കോട് ഭാഗത്തുനിന്ന് കോഴിക്കോട് ബൈപാസുവഴി വരുന്ന വാഹനങ്ങളും കടന്നുപോവുന്നത് കൽമണ്ഡപം - ചന്ദ്രനഗർ റൂട്ടിലൂടെയാണ്. കൽമണ്ഡപത്തുനിന്ന് ചന്ദ്രനഗറിലേക്ക് 200 മീറ്റർ ദുരമുണ്ട്. പക്ഷേ, ഗതാഗതക്കുരുക്ക് പതിവായതോടെ പലപ്പോഴും പത്ത് മിനിറ്റലധികം സമയം എടുക്കേണ്ടി വരുന്നുമെന്ന് യാത്രക്കാർ പറയുന്നു.