ഷൊർണൂർ: ഷൊർണൂർ സെന്റ് തെരേസ് സ്‌കൂളിലെ പൂർവ വിദ്യാർത്ഥിയായിരുന്ന സൗമ്യ പീഡനത്തിനിരയായി കൊല്ലപ്പെട്ട സംഭവം ഒാർത്തെടുത്ത് ഇത്തരം സംഭവങ്ങൾ ഇനി സമൂഹത്തിൽ ആവർത്തിക്കാതിരിക്കാൻ പെൺകുട്ടികൾ തന്റേടത്തോടെ തലയുയർത്തി നടക്കണമെന്നും വിദ്യാർത്ഥികൾക്ക് ധൈര്യംപകർന്ന് ഷൊർണൂർ എസ്.ഐ ജെ.പി.അരുൺകുമാർ. ഷൊർണൂർ സെന്റ് തെരേസ് ഹയർ സെക്കൻഡറി സ്‌കൂളിൽവച്ച് നടന്ന കേരളകൗമുദി സ്ത്രീ സുരക്ഷാ സെമിനാറിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സ്ത്രീകൾ ഭീരുക്കളെ പോലെ തലതാഴ്ത്തി നടക്കേണ്ടവരല്ല. തന്റെ മുന്നിൽ നടക്കുന്ന സംഭവങ്ങൾ കാണാനും അതിനോട് പ്രതികരിക്കാനും കഴിവുള്ളവരാകണം. നമ്മൾ ജാഗ്രതയോടെയിരുന്നാൽ പിടിച്ചുപറിയും പീഡനശ്രമങ്ങളും അറിയാനും ഒരുപരിധി വരെ തടയാനും കഴിയും. നാം നേരിടുന്ന ഏത് അതിക്രമങ്ങളും വീട്ടുകാരോടോ, പൊലീസിനോടോ, അധ്യാപകരോടോ പറയാൻ കഴിയണം,​ എങ്കിലേ അത് വീണ്ടും ആവർത്തിക്കാതിരിക്കൂ എന്നും അദ്ദേഹം പറഞ്ഞു.

സ്കൂൾ പ്രിൻസിപ്പൽ എലിസബത്ത് എബ്രഹാം അധ്യക്ഷത വഹിച്ചു. കേരളകൗമുദി യൂണിറ്റ് ചീഫ് കെ.എൻ.സുരേഷ് കുമാർ,​ പി.ടി.എ വൈസ് പ്രസിഡന്റ് എം.സതീഷ്, എന്നിവർ സംസാരിച്ചു.