ഷൊർണൂർ: പ്രതികരണമാണ് ഏതൊരു സ്ത്രീയുടെയും ബ്രഹ്മാസ്ത്രം. സ്ത്രീയുടെ യഥാർത്ഥ ശക്തി അവർ തിരിച്ചറിയുന്നില്ല എന്നതാണ് പ്രശ്നമെന്ന് പാലക്കാട് വുമൺ സെൽ എസ്.ഐ സി.ടി.ഉമാദേവി. ഷൊർണൂർ സെന്റ് തെരേസ് ഹയർ സെക്കണ്ടറി സ്‌കൂളിൽ നടന്ന സ്ത്രീ സുരക്ഷാ സെമിനാറിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രതികരിക്കാനും ഉറക്കെ നിലവിളിക്കാനും ഓടാനും നമുക്ക് കഴിയണം. സ്ത്രീകൾ തങ്ങൾക്കെതിരെ വരുന്ന അതിക്രമങ്ങൾക്കെതിരെ പ്രതികരിക്കാൻ തുടങ്ങിയപ്പോഴാണ് സ്ത്രീ പീഡനക്കേസുകളുടെ എണ്ണം വർദ്ധിച്ചത്. സ്ത്രീകൾക്ക് നേരത്തേയും ഇത്തരം അനുഭവം ഉണ്ടായിരുന്നു അന്ന് സ്ത്രീകളെല്ലാം സഹിക്കുകയായിരുന്നു. എന്നാൽ, ഇന്ന് പ്രതികരിക്കാൻ തുടങ്ങിയിരിക്കുന്നു. ഇതിൽ സ്ത്രീ ശാക്തീകരണത്തിന്റെ ശുഭസൂചനയുണ്ട്. സ്ത്രീകൾക്കെതിരെയുണ്ടാവുന്ന ഏതൊരു കുറ്റകൃത്യത്തിന്റെയും നിയമ സുരക്ഷിതത്വം നാം പഠിക്കണം. ഇത്തരത്തിലുള്ള സ്ത്രീ സുരക്ഷാ സെമിനാറുകൾ ഇതിന് ഏറെ ഗുണകരമാണ്. കേരളകൗമുദിയുടെ ഇത്തരം പരിപാടികളെ ഉമാദേവി അനുമോദിച്ചു.
കഥയും ചോദ്യങ്ങളുമായി നടത്തിയ സെമിനാറിൽ സെൽഫ് ഡിഫൻസിനെ പറ്റിയും ക്ലാസെടുത്തു. പാലക്കാട് വനിതാ സെൽ വിഭാഗത്തിലെ പൊലീസുകാരായ സരളയും പരമേശ്വരിയും സ്ത്രീകളെ ആക്രമിക്കുമ്പോൾ എങ്ങനെ രക്ഷപ്പെടണമെന്ന അഭ്യാസമുറകൾ പ്രദർശിപ്പിക്കുകയും ചെയ്തു.