ചെർപ്പുളശ്ശേരി: ഉത്സവ പറമ്പുകളിലെ മോഷണം പൊലീസുകാരുടെ സ്ഥിരം തലവേദനയാണ്. ആൾക്കൂട്ടത്തിനിടയിൽ നിന്നും സൂത്രത്തിൽ സ്ത്രീകളുടെയും കുട്ടികളുടെയും മാല പൊട്ടിച്ച് കടന്നുകളയുന്ന കള്ളൻമാരെ കുടുക്കാൻ പുതിയ ആശയവുമായി ചെർപ്പുളശ്ശേരി ജനമൈത്രി പൊലീസ്. കഴുത്തിലണിഞ്ഞിരിക്കുന്ന സ്വർണമാലകൾ സേഫ്റ്റി പിന്നിന്റെ സഹായത്തോടെ വസ്ത്രത്തിൽ ബന്ധിപ്പിച്ചിടുക. കള്ളൻമാർക്ക് അത്രപെട്ടന്ന് ആ കെട്ട് പൊട്ടിച്ച് മാല കൈക്കലാക്കാൻ കഴിയില്ലെന്നാണ് പൊലീസ് പറയുന്നത്.
കഴിഞ്ഞ ദിവസം ചെർപ്പുളശ്ശേരി പുത്തനായ്ക്കൽ ഭഗവതി ക്ഷേത്രത്തിൽ മകര ചൊവ്വ ഉത്സവത്തിനെത്തിയ സ്ത്രീകൾക്കാണ് പൊലീസ് പുതിയ ആശയം പരിചയപ്പെടുത്തിയത്. സേഫ്റ്റി പിൻ ഉപയോഗിക്കേണ്ട രീതിയും പൊലീസ് കാണിച്ചു കൊടുത്തു. ഒന്നോ രണ്ടോ സേഫ്റ്റി പിന്നുകൾ ഈ വിധം മാലയിൽ ബന്ധിപ്പിച്ചിടാമെന്നും പൊലീസ് പറഞ്ഞു. മാല പൊട്ടിച്ചാലും പിന്നുമായി ബന്ധിച്ചതിനാൽ ഇത് കൈക്കലാക്കി ഓടി പോകാൻ കഴിയില്ല.
ചെർപ്പുളശ്ശേരി സ്റ്റേഷൻ ഓഫീസർ പി.പ്രമോദിന്റെ നേതൃത്വത്തിലാണ് ബോധവത്കരണ പരിപാടി നടന്നത്. ജനമൈത്രി പൊലീസ് ഓഫീസർമാരായ മോഹനൻ, സന്ദീപ്, റഷീദ് എന്നിവർ നേതൃത്വം നൽകി.