മണ്ണാർക്കാട്: റീ ടാറിംഗ് കഴിഞ്ഞ് ദിവസങ്ങൾക്കം റോഡിൽ വലിയ ഗർത്തങ്ങൾ രൂപപ്പെട്ടത് വഹാന യാത്രക്കാർക്ക് ഭീഷണിയാകുന്നു. നഗരത്തിലെ കെ.ടി.എം ഹൈസ്‌കൂളിനു മുന്നിലെ റോഡിൽ കഴിഞ്ഞദിവസം രാത്രി ജലവിതരണ പൈപ്പുപൊട്ടിയതിനെ തുടർന്നാണ് വലിയ കുഴികൾ രൂപപ്പെട്ടിരിക്കുന്നത്.

പൊലീസ് സ്റ്റേഷൻ ഭാഗത്ത് നിന്നും മുനിസിപ്പൽ ബസ് സ്റ്റാന്റ് ഭാഗത്തേക്ക് വരുന്ന നിരവധി വാഹനങ്ങളാണ് ഇന്നലെ രാവിലെ കുഴിയിൽപെട്ട് അപകടം ഒഴിവായത്. കൂടാതെ ഇരുചക്ര വാഹനങ്ങൾ കുഴിയിൽ വീഴുന്ന സംഭവവും ഉണ്ടായി. റോഡിന്റെ വശങ്ങളിലെ സ്ലാബുകൾ താണുപോയ നിലയിലാണ്. പൈപ്പുപൊട്ടി ശക്തമായ ജലപ്രവാഹം ഉണ്ടായതാണ് ഇതിന് കാരണമെന്നാണ് നാട്ടുകാർ പറയുന്നത്. ദിവസങ്ങൾക്ക് മുമ്പാണ് ആൽത്തറക്ക് സമീപം ഇത്തരത്തിൽ വലിയ ഗർത്തമുണ്ടായത്. വിഷയത്തിൽ ഉടൻ നടപടികൾ സ്വീകരിച്ചില്ലെങ്കിൽ വലിയ അപകടം ഉണ്ടാകാൻ സാധ്യത ഏറെയാണ്.