അഗളി: അട്ടപ്പാടിയിലെ വിവിധ പ്രദേശങ്ങളിൽ കുരുമുളക് കൃഷിയിൽ മഞ്ഞളിപ്പ് ബാധിക്കുന്നുവെന്ന കർഷകരുടെ പരാതിയെ തുടർന്ന് കൃഷിവകുപ്പിന്റെ ശാസ്ത്രവിഭാഗം ഉദ്യോഗസ്ഥർ ഫീൽഡ് തല പരിശോധന നടത്തി. കാർഷിക സർവകലാശാലയിലെയും കൃഷിവിജ്ഞാൻ കേന്ദ്രയിലേയും നാലംഗ സംഘമാണ് ഷോളയൂർ കൃഷിഭവൻ പരിധിയിൽപ്പെട്ട മിനർവയിൽ പരിശോധന നടത്തിയത്. മഞ്ഞളിപ്പല്ല കുരുമുളകിന് ദ്രുതവാട്ടമാണെന്നും ഗവേഷകർ പറഞ്ഞു.
പ്രളയാനന്തരം മണ്ണിന്റെ ഘടനയിൽ വന്ന മാറ്റം, കുമിളകളുടെ വർദ്ധനവ്, സൂക്ഷ്മ മൂലകങ്ങളുടെ കുറവ് എന്നിവ കൃഷിയെ പ്രതികൂലമായി ബാധിച്ചു. മണ്ണിലെ നീർവാർച്ച കുറവും, കുമിളുകളുടെ വർദ്ധനവും രോഗത്തിന് കാരണമാകുന്നുണ്ട്. രോഗംബാധിച്ച് രണ്ടാഴ്ചക്കുള്ളിൽ ചെടി പൂർണമായുംനശിച്ച് പോവുമെന്നും സംഘം വ്യക്തമാക്കി. രോഗത്തെ മറികടക്കാൻ കോപ്പർ ഓക്‌സിക്ലോറൈഡ് 2.5 ഗ്രാം ഒരുലിറ്റർ വെള്ളത്തിൽ കലക്കി ചുവട്ടിൽ 2 മുതൽ 3 ലിറ്റർ എന്ന തോതിൽ ഒഴിച്ച് കൊടുക്കുക, അല്ലെങ്കിൽ ശരിയായ രീതിയിൽ നിർമ്മിച്ച ബോർഡോ മിശ്രിതം ഒരു ശതമാനം വീര്യത്തിൽ തളിച്ച് കൊടുക്കണം. കാലവർഷം തുടങ്ങുന്നതിന് മുമ്പ് ചാണകം, വേപ്പിൻ പിണ്ണാക്ക്, ട്രൈക്കോഡെർമ എന്നിവ യഥാക്രമം ചേർത്ത് സമ്പുഷ്ടീകരിച്ച് ചെടി ഒന്നിന് 5 കിലോഗ്രാം വീതം നൽകുന്നത് കുമിള വർദ്ധിക്കുന്നത് തടയാൻ സഹായിക്കും. കൂടുതൽ പഠനത്തിനായി പ്രദേശത്ത് നിന്നും മണ്ണ്, കുരുമുളക് വേര് തുടങ്ങിയവ സംഘം പരിശോധനക്കായി പട്ടാമ്പിയിലെ ലാബിലേക്ക് കൊണ്ടുപ്പോയി.
കൃഷിവകുപ്പ് എ.ഡി.എ ആർ.ലത, കാർഷിക സർവകലാശാല ശാസ്ത്ര വിഭാഗത്തിലെ ഡോ. പി.കെ.സുരേഷ്‌കുമാർ, ഡോ. പി.പ്രമീള, പട്ടാമ്പി കൃഷി വിജ്ഞാൻ കേന്ദ്രയിലെ ഡോ. പി.പി.മൂസ, ഡോ. കെ.വി.സുമയ്യ എന്നിവരാണ് പരിശോധന നടത്തിയത്.