minister
ആലത്തൂർ സർവീസ് സഹകരണ ബാങ്കിന്റെ ചേരാമംഗലം ശാഖയിൽ നിർമ്മാണം പൂർത്തീകരിച്ച നാളികേര സംഭരണ സംസ്‌കരണ കേന്ദ്രവും നിറ ഹരിത മിത്ര സൊസൈറ്റിയുടെ വാർഷിക പൊതയോഗവും മന്ത്രി വി.എസ്.സുനിൽകുമാർ ഉദ്ഘാടനം ചെയ്യുന്നു

ആലത്തൂർ: കാർഷിക മേഖലയിലെ സർക്കാരിന്റെ പ്രവർത്തനങ്ങളോടൊപ്പം ചേർന്ന് പ്രവർത്തിക്കാനും സഹായിക്കാനും സഹകരണ സംഘങ്ങൾക്ക് കഴിഞ്ഞെന്ന് മന്ത്രി വി.എസ്.സുനിൽകുമാർ. ആലത്തൂർ സർവീസ് സഹകരണ ബാങ്കിന്റെ ചേരാമംഗലം ശാഖയിൽ നിർമ്മാണം പൂർത്തീകരിച്ച നാളികേര സംഭരണ സംസ്‌കരണ കേന്ദ്രവും നിറ ഹരിതമിത്ര സൊസൈറ്റി വാർഷികവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഒരു വർഷംകൊണ്ട് 50,000 മെട്രിക് ടൺ അരി അധികമായി ഉത്പാദിപ്പിക്കാൻ കഴിഞ്ഞു. രണ്ടുകൊല്ലം കൊണ്ട് കേരളത്തിൽ പത്തുകോടി തെങ്ങിൻ തൈകൾ വച്ച് പിടിപ്പിക്കും. കേരഗ്രാമം പദ്ധതി എല്ലാ പഞ്ചായത്തുകളിലേക്കും വികസിപ്പിക്കും. കൃഷി വകുപ്പ് പൂർണമായും ഇ-ഗവേർണൻസ് സംവിധാനത്തിലേക്ക് മാറും. മണ്ണ് സംരക്ഷണ ആപ്പ്, പെസ്റ്റ് സർവെയിൽ സിസ്റ്റം, ഡ്രോണുകളുടെ സഹായം എന്നിങ്ങനെ പ്രകൃതിയെ സുസ്ഥിരപ്പെടുത്തി ശാസ്ത്ര സാങ്കേതിക വിദ്യയുടെ സഹായം പരമാവധി ഉപയോഗപ്പെടുത്താൻ കൃഷി വകുപ്പിന് കഴിഞ്ഞുവെന്നും മന്ത്രി പറഞ്ഞു.

കെ.ഡി.പ്രസേനൻ എം.എൽ.എ അദ്ധ്യക്ഷനായി. ബ്ലോക്ക് പ്രസിഡന്റ് പി.വി.രാമകൃഷ്ണൻ മുഖ്യാതിഥിയായി. ബാങ്ക് സെക്രട്ടറി വി.ജയലക്ഷ്മി റിപ്പോർട്ടവതരിപ്പിച്ചു. പഞ്ചായത്ത് പ്രസിഡന്റുമാരായ എം.മായൻ, ടി.ജി.ഗംഗാധരൻ തുടങ്ങിയവർ സംസാരിച്ചു.

സംസ്ഥാന സർക്കാരിന്റെ കർഷക ക്ഷേമ പ്രവർത്തനം ഏറ്റെടുത്ത് പ്രവർത്തിക്കുന്ന മണ്ഡലം കാർഷിക വികസന പദ്ധതി 'നിറ"യ്ക്ക് ആഗ്രോ സർവീസ് സെന്റർ അനുവദിക്കും. യന്ത്രസാമഗ്രികൾ വാങ്ങുന്നതിനായി 35 ലക്ഷം നൽകും.