പാലക്കാട്: സംസ്ഥാനത്തെ എല്ലാ പ്രദേശങ്ങളിലേയും കാർഷിക പുരോഗതിയും മൂല്യവർദ്ധിതാധിഷ്ഠിത വ്യവസായങ്ങളും അടിസ്ഥാനമാക്കി പുതിയ വ്യവസായ സംസ്‌കാരം രൂപപ്പെടുത്തുകയാണ് സർക്കാർ ലക്ഷ്യമെന്ന് മന്ത്രി ഇ.പി.ജയരാജൻ പറഞ്ഞു. വ്യവസായ വകുപ്പിന്റെ ആഭിമുഖ്യത്തിൽ കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ സംഘടിപ്പിച്ച വ്യവസായ സംരംഭകരെ ഉൾപ്പെടുത്തിയുള്ള അദാലത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
വ്യവസായ രംഗത്തെ സംരംഭകർ നേരിടുന്ന പ്രതിസന്ധികൾ നിയമപരമായി പരിശോധിക്കും. സൂക്ഷ്മ - ചെറുകിട - ഇടത്തര വ്യവസായം, എം.എസ്.എം യൂണിറ്റ് (പത്ത് കോടിക്ക് താഴെ നിക്ഷേപമുള്ള വ്യവസായം) എന്നിവ കാലതാമസം കൂടാതെ ആരംഭിക്കാനുള്ള നടപടി സ്വീകരിക്കും. മുനിസിപ്പാലിറ്റി - കോർപ്പറേഷനുകളുടെ വികസനത്തിനായി കണക്കാക്കിയ സ്ഥലങ്ങൾ, തണ്ണീർത്തടങ്ങളൊഴികെയുള്ള പ്രദേശത്ത് സംരംഭകർക്ക് കെട്ടിടം നിർമ്മിച്ച് വ്യവസായം ആരംഭിക്കാമെന്നും മന്ത്രി പറഞ്ഞു. ഇങ്ങനെ നിർമ്മിക്കുന്ന വ്യവസായ കെട്ടിടങ്ങൾക്ക് ആവശ്യമായ നിയമപരമായ രേഖനടപടികൾക്കായി സർക്കാർ ഓഫീസുകളിൽ കയറിഇറങ്ങാതെ ഓൺലൈൻ സേവനം ഉപയോഗപ്പെടുത്താം.
ജില്ലയിൽ തുടക്കം കുറിച്ച റൈസ് പാർക്ക് മുഖേന നെൽകർഷകരെ സംരക്ഷിച്ച് അരി വിപണിയിലെത്തിക്കാൻ സാധിക്കുന്നുണ്ട്. ഓരോ കാർഷികവിളകളും മൂല്യവർദ്ധിത ഉത്പന്നങ്ങളാക്കി മാറ്റി വ്യവസായ വളർച്ചയ്ക്ക് മാറ്റ് കൂട്ടണം. കഞ്ചിക്കോട് മേഖലയിലെ ട്രേഡ് യൂണിയനുകളുമായി പ്രത്യേക ചർച്ച നടത്തുമെന്നും നിയമവിരുദ്ധമായി പ്രവർത്തിക്കുന്ന ട്രേഡ് യൂണിയനുകെള പ്രോത്സാഹിപ്പിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന അദാലത്തിൽ വ്യവസായ വകുപ്പ് ഡയറക്ടർ കെ.ബിജു അദ്ധ്യക്ഷനായി. ജില്ലാ കളക്ടർ ഡി.ബാലമുരളി, വ്യവസായ വകുപ്പ് ഉദ്യോഗസ്ഥർ, വ്യവസായ സംരംഭകർ എന്നിവർ പങ്കെടുത്തു.
കഞ്ചിക്കോട് ഫെസിലിറ്റേഷൻ സെന്റർ ആരംഭിക്കും
കഞ്ചിക്കോട് വ്യവസായ മേഖലയിൽ ഫെസിലിറ്റേഷൻ കേന്ദ്രം ആരംഭിക്കുമെന്ന് മന്ത്രി ഇ.പി ജയരാജൻ അറിയിച്ചു. വ്യവസായ മേഖലയിലെ പ്രശ്‌നങ്ങൾ അവിടെ തന്നെ പരിഹരിക്കാനാണ് ഫെസിലിറ്റേഷൻ സെന്റർ. കേന്ദ്രത്തിൽ ജനറൽ മാനേജർമാർക്ക് താഴെയുള്ള അസിസ്റ്റന്റ് മാനേജർ റാങ്കിലുള്ള ഉദ്യോഗസ്ഥനെ നിയമിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
ഫോട്ടോ... പാലക്കാട് കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ സംഘടിപ്പിച്ച അദാലത്തിൽ വ്യവസായ വകുപ്പ് മന്ത്രി ഇ.പി.ജയരാജൻ സംസാരിക്കുന്നു