കൊല്ലങ്കോട്: കഴിഞ്ഞവർഷത്തെ മികച്ച സേവനത്തിനുള്ള ജില്ലാ കളക്ടറുടെ പുരസ്കാരം നേടിയ സന്തോഷത്തിലാണ് ജില്ലാ ആശുപത്രിയിലെ ആംബുലൻസ് ഡ്രൈവർ ബി.ഷാജി. കഴിഞ്ഞദിവസം കോട്ടമൈതാനത്ത് നടന്ന റിപ്പബ്ലിക് ദിനാഘോഷത്തിൽ മന്ത്രി എ.കെ.ബാലനിൽ നിന്ന് ഷാജി പുരസ്കാരം ഏറ്റുവാങ്ങി.
കൊല്ലങ്കോട് പാലക്കോട് കാരുണ്യ വിഹാറിലെ ബാലകൃഷ്ണൻ - വിജയലക്ഷ്മി ദമ്പതികളുടെ മകനായ ഷാജി പത്താം ക്ലാസ് കഴിഞ്ഞശേഷം കൊല്ലങ്കോട് ടാക്‌സി സ്റ്റാന്റിൽ ഡ്രൈവറായി ജോലിനോക്കി. പിന്നീട് 2014ലാണ് പി.എസ്.സി എഴുതി സർക്കാർ ജോലിയിൽ കയറിയത്. ആദ്യം നന്ദിയോട് പ്രാഥമികാരോഗ്യകേന്ദ്രത്തിലായിരുന്നു, പിന്നീട് ജില്ലാ ആശുപത്രിയിലെത്തി. കഴിഞ്ഞവർഷം ശബരിമല ഡ്യൂട്ടിക്കായി പോകുന്നതിനിടെ പെരുമ്പാവൂർ മണ്ണൂരിലുണ്ടായ അപകടത്തിൽ പരിക്കേറ്റയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ച് ജീവൻ രക്ഷിച്ചത് പരിഗണിച്ചാണ് അവാർഡ്. അപകടത്തിൽ പരിക്കേറ്റ തോമസ് എന്നയാൾക്ക് ഒരുകാൽ നഷ്ടമായെങ്കിലും ജിവൻ തിരികെക്കിട്ടി. ഡ്യൂട്ടിയിലായതിനാൽ സംഭവം ഉടനെ മേലധികാരികളെ അറിയിച്ചിരുന്നു. ആഗ്രഹമുണ്ടായിരുന്നെങ്കിലും സാമ്പത്തികശേഷിയില്ലാത്തതിനാൽ തുടർന്ന് പടിക്കാൻ കഴിയാത്തത് ഇപ്പോഴും ഒരു വേദനയായി ഷാജിയുടെ മനസിലുണ്ട്. അതുകൊണ്ടാണ് കിട്ടുന്ന വേതനത്തിന്റെ ഒരുവിഹിതം നിർദ്ധനരായ കുട്ടികളുടെ വിദ്യാഭ്യാസത്തിനായി മാറ്റിവയ്ക്കാൻ ഈ യുവാവിനെ പ്രേരിപ്പിക്കുന്നത്. കൂടാതെ നിർദ്ധന കുടുംബങ്ങൾക്ക് അവശ്യസാധനങ്ങളും വാങ്ങിനൽകാറുണ്ട് ഷാജി. അവർഡ് നേട്ടത്തിന്റെ തിളക്കത്തിലാണെങ്കിലും ഷാജി ഇപ്പോഴും തിരക്കിലാണ്. പേരറിയാത്ത ആളുകളുടെ ജീവൻ നിലനിറുത്താനുള്ള പാച്ചിലിൽ.
ഭാര്യ: രമ്യ. മക്കൾ: ദിയ, ദിൽജിത്ത്.
സംഭവം നടന്നതിന് ശേഷമുള്ള ദിവസങ്ങളിൽ താൻ പേടിച്ചിരുന്നു. ഉത്തരവില്ലാതെ ഓട്ടം ഓടിയതിന് തനിക്കെതിരെ നടപടിയുണ്ടാകുമോ എന്ന് ആശങ്കപ്പെട്ടിരുന്നു. എന്നാൽ, റിപ്പബ്ലിക്ക് ദിനത്തിൽ ഡിപ്പാർട്ട്മെന്റ് തലത്തിൽ മികച്ച പ്രവർത്തനം കാഴ്ചവെച്ചതിന് ജില്ലാ കളക്ടറുടെ പുരസ്കാരത്തിന് തന്നെ തിരഞ്ഞെടുത്ത വിവരം അറിഞ്ഞപ്പോൾ വളരെയധികം സന്തോഷം തോന്നി.
ബി.ഷാജി