പാലക്കാട്: പൗരത്വ ഭേദഗതി നിയമത്തിനെതിരെ എൽ.ഡി.എഫിന്റെ നേതൃത്വത്തിൽ കാസർകോട് മുതൽ തിരുവനന്തപുരം വരെ സംഘടിച്ച മനുഷ്യ മഹാ ശൃംഖലയിൽ ജില്ലയിൽ നിന്ന് പതിനായിരങ്ങൾ പങ്കെടുത്തു. ആകെ 27.5 കിലോമീറ്ററാണ് ജില്ലയിൽ മനുഷ്യ മഹാശൃംഖല തീർത്തത്. പരിപാടിയോടനുബന്ധിച്ച് ചെറുതുരുത്തി പാലം മുതൽ പുലാമന്തോൾ പാലംവരെ ആറിടത്ത് പൊതുയോഗങ്ങളും നടന്നു.
ഓങ്ങല്ലൂരിൽ മന്ത്രി എ.കെ.ബാലൻ ഉദ്ഘാടനം ചെയ്തു. ജിഷാർ പറമ്പിൽ അധ്യക്ഷനായി. സി.പി.എം സംസ്ഥാന കമ്മിറ്റിയംഗം എൻ.എൻ.കൃഷ്ണദാസ്, എൽ.ഡി.എഫ് ജില്ലാ കൺവീനർ വി.ചാമുണ്ണി, പ്രൊഫ. പി.എ.വാസുദേവൻ, ഷൗക്കത്തലി എന്നിവർ സംസാരിച്ചു.
ഷൊർണൂരിൽ സി.പി.എം ജില്ലാസെക്രട്ടറി സി.കെ.രാജേന്ദ്രൻ ഉദ്ഘാടനം ചെയ്തു. കൃഷ്ണൻകുട്ടി അധ്യക്ഷനായി. സി.പി.ഐ സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം ജോസ് ബേബി, ബാബു ഗോപിനാഥ്, ഓട്ടൂർ ഉണ്ണിക്കൃഷ്ണൻ, ശ്രീകുമാർ, ടി എം ശശി എന്നിവർ സംസാരിച്ചു.
കുളപ്പുള്ളിയിൽ മന്ത്രി കെ.കൃഷ്ണൻകുട്ടി യോഗം ഉദ്ഘാടനം ചെയ്തു. സി.പി.ഐ ജില്ലാ സെക്രട്ടറി കെ.പി.സുരേഷ് രാജ് അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ശാന്തകുമാരി, സി.പി.എം സംസ്ഥാന കമ്മിറ്റിയംഗം ഗിരിജ സുരേന്ദ്രൻ, ബാബു തോമസ്, കെ ശിവപ്രകാശ്, അസീസ് പരിത്തിപ്ര എന്നിവർ സംസാരിച്ചു.
വിളയൂരിൽ സി.പി.എം സംസ്ഥാന കമ്മിറ്റിയംഗം എം.ബി.രാജേഷ് ഉദ്ഘാടം ചെയ്തു. ടി .ഗോപാലകൃഷ്ണൻ അധ്യക്ഷനായി. കൊപ്പത്ത് എൻ.സി.പി സംസ്ഥാന ജനറൽ സെക്രട്ടറി ഡോ. സി.പി.കെ.കുരുക്കൾ ഉദ്ഘാടനം ചെയ്തു. യു.അജയകുമാർ അധ്യക്ഷനായി.
പട്ടാമ്പിയിൽ സി.പി.ഐ ദേശീയ എക്‌സിക്യുട്ടീവ് അംഗം കെ.ഇ.ഇസ്മയിൽ ഉദ്ഘാടനം ചെയ്തു. സി.പി.എം ഏരിയ സെക്രട്ടറി എൻ.പി.വിനയകുമാർ അധ്യക്ഷനായി. കെ.വി.വിജയദാസ് എം.എൽ.എ, മുഹമ്മദ് മുഹ്‌സിൻ എം.എൽ.എ, പി.എ.റസാഖ് മൗലവി, അഷറഫ് വല്ലപ്പുഴ എന്നിവർ സംസാരിച്ചു.