പാലക്കാട്: പൊതുസ്ഥലത്തെ മദ്യപാനം ചോദ്യം ചെയ്തതിന് ഗൃഹനാഥനെ സാമൂഹ്യ വിരുദ്ധർ വീടുകയറി ആക്രമിച്ചു. ചക്കാന്തറ കൈകുത്തിപ്പറമ്പ് ചക്കാലക്കൽ വീട്ടിൽ ഷാജി ജോസഫ് (49)നെയാണ് രണ്ടംഗ സംഘം ആക്രമിച്ചത്. മൂക്കിന് പൊട്ടലേറ്റ ഷാജി ജില്ലാ ആശുപത്രിയിൽ ചികിത്സതേടി. ഞായറാഴ്ച രാത്രി പത്തുമണിയോടെയായിരുന്നു സംഭവം.
മാതാകോവിൽ പള്ളിയിലെ തിരുനാൾ ആഘോഷത്തിൽ പങ്കെടുത്ത് മടങ്ങിയെത്തിയ ഷാജിയും കുടുംബവും വീടിന് എതിർവശം പരസ്യമദ്യപാനം നടക്കുന്നത് കണ്ടു. വാഹനം വീട്ടിൽ നിർത്തിയശേഷം ഇവിടെ മദ്യപിക്കരുതെന്ന് ഷാജി പറഞ്ഞതാണ് അവരെ ചൊടിപ്പിച്ചത്. ഇവിടെ മദ്യപിച്ച് ബഹളംവയ്ക്കുകയും അസഭ്യം വിളിച്ചുപറയലുമൊക്കെ പതിവായതിനാലാണ് ഇടപെട്ടതെന്ന് ഷാജി പറഞ്ഞു.
പ്രകോപിതരായവർ തർക്കിച്ചുകൊണ്ട് വീട്ടിലേക്ക് വന്ന് ഷാജിയെ ഇടിച്ചുവീഴ്ത്തി. മർദനത്തിൽ മൂക്കിന് പൊട്ടലേറ്റ് രക്തംവാർന്നു. രാത്രി ഷാജിയെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചതിനു പിറകേ ഇവർ വീണ്ടും വീട്ടിലെത്തി ഭീഷണി മുഴക്കിയതായും പറയുന്നു. രണ്ടുപേർക്കെതിരെ ടൗൺ സൗത്ത് പോലീസ് കേസെടുത്തു.