ചെർപ്പുളശ്ശേരി: കേരളത്തിന്റെ ആനപ്പെരുമയും ആനക്കമ്പവും ആഗോള പ്രശസ്തി നേടുമ്പോൾ അതിൽ കയ്യൊപ്പ് ചാർത്തുകയാണ് ചളവറയിലെ ഈ സഹോദരന്മാർ. ചളവറ പുളിന്തറ കറുത്തൊടി മേലെപ്പാട്ട് വീട്ടിൽ മനോജും സഹോദരൻ വിനോദും, ഇന്ന് ഇവരുടെ ആനക്കമ്പം നാടറിയുന്നത് ഫൈബറിൽ തീർത്ത ആനകളുടെ ശില്പങ്ങളിലൂടെയാണ്. കേരളത്തിൽ മാത്രല്ല ഇവരുടെ കൊമ്പന്മാർ കടൽകടന്നും പ്രശസ്തി നേടിക്കഴിഞ്ഞു.
ഗുരുവായൂർ പത്മനാഭൻ, തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ, പാമ്പാടി രാജൻ, തിരുവമ്പാടി ശിവസുന്ദർ, പുതുപ്പള്ളി കേശവൻ, ചെർപ്പുളശ്ശേരി ശേഖരൻ, മംഗലാംകുന്ന് കർണ്ണൻ തുടങ്ങി പേരുകേട്ട ഗജവീരൻമാരെയെല്ലാം ഇവർ ഫൈബറിൽ നിർമ്മിച്ചുകഴിഞ്ഞു. രണ്ടരയടി പൊക്കത്തിൽ വരെ ആന ശില്പങ്ങൾ നിർമ്മിച്ചിട്ടുണ്ടെന്ന് മനോജും വിനോദും പറയുന്നു.
ആനകളെ നേരിൽ കണ്ട് ചിത്രങ്ങൾ മൊബൈലിൽ പകർത്തിയാണ് പ്രവർത്തനം. ആദ്യം കോൺക്രീറ്റിലായിരുന്നു ശില്പങ്ങൾ നിർമ്മിച്ചത്. ഈ ശ്രമം വിജയിക്കുകയും ആനകൾ വാങ്ങാൻ ആവശ്യക്കാർ എത്തുകയും ചെയ്തു. ഭാരകൂടുതലും ശില്പങ്ങൾ കൊണ്ടുപോകുന്നതിനും സൂക്ഷിക്കുന്നതിനും തടസമായതോടെയാണ് ഫൈബറിലേക്ക് തിരിഞ്ഞത്. ആറ് കിലോ ഫൈബറിൽ ഒരു ആനയുടെ രൂപം നിർമ്മിക്കാം. കേടുപാടുകൾ സംഭവിക്കാതെ കാലങ്ങളോളം സൂക്ഷിക്കാമെന്നും ഇവർ പറയുന്നു.
ഏത് ആനയാണെങ്കിലും ചെവി, കൊമ്പ്, കണ്ണ്, തുമ്പിക്കൈ തുടങ്ങി മുറിപ്പാടിൽ പോലും മാറ്റം വരാതെയാണ് ഫൈബറിൽ നിർമ്മിക്കുന്നത്. ആദ്യം കോൺക്രീറ്റിൽ നിർമ്മിക്കുന്ന ശില്പം പിന്നീട് മോൾഡ് ചെയ്‌തെടുത്താണ് ഫൈബറിലേക്ക് മാറ്റുന്നത്. ഈ പണികളെല്ലാം മനോജ് തനിച്ചാണ് ചെയ്യുന്നത്. സഹോദരൻ വിനോദാണ് ആനകൾക്ക് നിറം പകരുന്നതും മറ്റു മിനുക്കുപണികളും ചെയ്യുന്നത്.
ഇലക്ട്രീഷ്യൻ ജോലി ചെയ്യുന്ന മനോജും അലുമിനിയം ഫാബ്രിക്കേഷൻ ജോലി ചെയ്യുന്ന വിനോദും ജോലി കഴിഞ്ഞുള്ള ഇടവേളകളിലാണ് ആനകളുടെ ലോകത്തേക്കിറങ്ങുന്നത്. വലുപ്പത്തിനനുസരിച്ച് ഇവർ തീർത്ത ആന ശില്പങ്ങൾക്ക് 1500 മുതൽ 50,000 രൂപ വരെയാണ് വില. ജർമ്മനി, ഇംഗ്ലണ്ട്, മസ്‌ക്കറ്റ് തുടങ്ങിയ വിദേശ സ്ഥലങ്ങളിൽ വരെ ഇവർ നിർമ്മിച്ച ശില്പങ്ങൾ എത്തിക്കഴിഞ്ഞു.