മണ്ണാർക്കാട്: വട്ടമ്പലത്തെ ഫയർഫോഴ്‌സ് ക്വാർട്ടേഴ്‌സിലേക്കുള്ള വാട്ടർ കണക്ഷൻ വിച്ഛേദിച്ച നടപടിയിൽ ഇടപെട്ട് രാഷ്ട്രീയ നേതൃത്വം. ഇന്നലെ രാവിലെ സി.പി.എം നേതാക്കൾ സെക്രട്ടറിയെ കണ്ട് കണക്ഷൻ പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടതായാണ് വിവരം. ഫയർഫോഴ്‌സ് ജീവനക്കാരുടെ ഇടയിലെ സംഘടനാ നേതാക്കളുടെ ഇടപെടലിന്റെ ഭാഗമായാണ് ഈ നീക്കമെന്നാണ് സൂചന.
പലതവണ നോട്ടീസ് നൽകിയിട്ടും വെള്ളക്കരം അടക്കാൻ ഫയർഫോഴ്‌സ് തയ്യാറാവാത്ത സാഹചര്യത്തിലാണ് കണക്ഷൻ വിച്ഛേദിച്ചത്. കുടിശ്ശിക അടക്കാതെ കണക്ഷൻ പുനഃസ്ഥാപിക്കില്ലെന്ന് പഞ്ചായത്ത് പ്രസിഡന്റ് ഹംസ പറഞ്ഞു. നിയമപരമായ നടപടിക്രമങ്ങൾ പാലിച്ച് ജോലി നിർവഹിക്കുന്ന ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തുന്ന നിലപാട് രാഷ്ട്രീയ നേതാക്കൾ ഒഴിവാക്കണം. പൊതുജനങ്ങൾ കൃത്യമായി വെള്ളക്കരം അടക്കുമ്പോൾ ഫയർഫോഴ്‌സ് ജീവനക്കാർ രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് സെക്രട്ടറിയെ ഭീഷണിപ്പെടുത്തി നിയമത്തെ വെല്ലുവിളിക്കുന്നത് ദുഖകരമാണെന്നും പ്രസിഡന്റ് ഹംസ പറഞ്ഞു.
കൃത്യമായി പൈസ അടക്കുന്ന നാട്ടുകാർക്ക് കുടിവെള്ളം കിട്ടുന്നില്ലെന്ന പരാതി വ്യാപകമായ സാഹചര്യത്തിൽ നടത്തിയ അന്വേഷണത്തിലാണ് ഫയർഫോഴ്‌സ് സ്റ്റേഷനിലെ ജലമൂറ്റൽ കണ്ടെത്തിയത്.