പാലക്കാട്: പൗരത്വ ഭേദഗതി നിയമത്തിനെതിരെയുള്ള പ്രതിപക്ഷ പ്രമേയത്തെ ചൊല്ലി നഗരസഭയിൽ തുടർച്ചയായി നാലാമത് കൗൺസിൽ യോഗവും മുടങ്ങി. ജില്ലാ വികസന സമിതിയിൽവയ്‌ക്കേണ്ട സുപ്രധാന വികസന വിഷയങ്ങൾ അടങ്ങുന്ന അജണ്ടകൾ പോലും ചർച്ചയ്‌ക്കെടുത്തില്ല.
പ്രമേയത്തിൽ ചർച്ച വേണമെന്നും വോട്ടിനിടണമെന്നും ആവശ്യമുന്നയിച്ച് പ്രതിപക്ഷം നിലകൊണ്ടു. എൽ.ഡി.എഫും യു.ഡി.എഫും ചേർന്ന് 28 അംഗങ്ങൾ ആവശ്യപ്പെട്ടിട്ടും ചർച്ചയ്ക്ക് വയ്ക്കാത്തത് ശരിയല്ലെന്നും പ്രതിഷേധിക്കാനുള്ള അവകാശം നിഷേധിക്കരുതെന്നും അവർ ചൂണ്ടിക്കാട്ടി. എന്നാൽ, പ്രമേയം നിയമാനുസൃതം കൊണ്ടുവരണമെന്ന് ഭരണപക്ഷം വ്യക്തമാക്കി.
മുനിസിപ്പൽ ചട്ടപ്രകാരം കോടതിയിലുള്ള വിഷയത്തിലും കേന്ദ്ര - സംസ്ഥാന സർക്കാരുകളുടെ നയപരമായ കാര്യങ്ങളിലും പ്രമേയം അവതരിപ്പിക്കുന്നതിന് പരിമിതിയുണ്ടെന്ന് സെക്രട്ടറിയുടെ ചുമതലയുള്ള പി.എ കൗൺസിലിൽ അറിയിച്ചു. രാജ്യത്തെ നാല് നിയമസഭകളും കേരളത്തിലെ ഭൂരിപക്ഷം തദ്ദേശസ്ഥാപനങ്ങളും പ്രമേയം പാസാക്കിയത് പ്രതിപക്ഷവും ചൂണ്ടിക്കാട്ടി. ഇതിനിടെ നഗരത്തിലെ വികസനം മുടക്കാനാണ് പ്രതിപക്ഷം ശ്രമിക്കുന്നതെന്നും ആക്ഷേപമുയർന്നു.
പരസ്പരം തർക്കമായതോടെ സഭ നിർത്തിവെച്ചു. ചെയർപേഴ്‌സൻ കക്ഷി നേതാക്കളുമായി ചർച്ച നടത്തിയെങ്കിലും ധാരണയിലെത്താനായില്ല. പ്രമേയം അജണ്ടയിൽ ഉൾപ്പെടുത്തി ചർച്ച ചെയ്യാമെന്ന ചെയർപേഴ്‌സന്റെ വാഗ്ദാനം പാലിക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. വീണ്ടും യോഗം ചേർന്ന് അജണ്ടയിലേക്ക് കടക്കാൻ ശ്രമിച്ചെങ്കിലും പ്രതിപക്ഷം പ്രതിഷേധിച്ചതോടെ കൗൺസിൽ അവസാനിപ്പിക്കുകയായിരുന്നു.
പ്രമീള ശശിധരൻ അധ്യക്ഷതവഹിച്ചു. എ. കുമാരി, കെ. ഭവദാസ്, എസ്.ആർ. ബാലസുബ്രഹ്മണ്യൻ, എൻ. ശിവരാജൻ, പി. സ്മിതേഷ്, ആർ. ഉദയകുമാർ ചർച്ചയിൽ പങ്കെടുത്തു.