പാലക്കാട്: കളക്ട്രേറ്റിൽ കാന്റീൻ നടത്തുന്ന ഒരുമ ട്രാൻസ്‌ജെന്റർ അയൽക്കൂട്ടത്തിന് സംസ്ഥാനത്ത് ആദ്യമായി ലിങ്കേജ് ലോൺ അനുവദിച്ചു. അയൽക്കൂട്ടത്തിന്റെ സമ്പാദ്യത്തിന്റെ നാലിരട്ടി തുക 4% പലിശയ്ക്കാണ് ലിങ്കേജ് ലോണായി നൽകുക. അയൽക്കൂട്ടംഗങ്ങളുടെ ജീവിത മാർഗം മെച്ചപ്പെടുത്തുന്നതിനായാണ് ലിങ്കേജ് ലോൺ ലഭ്യമാക്കുന്നത്.
സംസ്ഥാനത്താദ്യമായി കാന്റീൻ ആരംഭിച്ച കുടുംബശ്രീ ട്രാൻസ്‌ജെന്റർ അയൽക്കൂട്ടം തന്നെ ലിങ്കേജ് ലോൺ വാങ്ങുന്നു എന്ന പ്രത്യേകതയുമുണ്ട്. 6 മാസത്തിലധികം മികച്ച പ്രവർത്തനം നടത്തി ഗ്രേഡിംഗ് പൂർത്തിയാക്കുന്ന അയൽക്കൂട്ടങ്ങൾക്കാണ് ലിങ്കേജ് ലോൺ നൽകുക. സ്റ്റേറ്റ് ബാങ്ക് ഒഫ് ഇന്ത്യയുടെ സിവിൽ സ്റ്റേഷൻ ബ്രാഞ്ചിൽ നിന്നും ഒരു ലക്ഷം രൂപയാണ് ലോണായി നൽകിയത്. നല്ല രീതിയിൽ പ്രവർത്തിക്കുന്ന ഒരുമ ട്രാൻസ്‌ജെന്റർ കാന്റീൻ കൂടുതൽ മെച്ചപ്പെട്ട സൗകര്യങ്ങളിലേക്ക് ഉയർത്താൻ ലോൺ തുക ഉപകരിക്കുമെന്ന് ട്രാൻസ്‌ജെന്റർ അയൽക്കൂട്ടാംഗങ്ങൾ സന്തോഷം പ്രകടിപ്പിച്ചു.
എസ്.ബി.ഐ ജനറൽ മാനേജർ രുമാ ദേയ് ചെക്ക് കൈമാറി. ഒരുമ അയൽക്കൂട്ടം സെക്രട്ടറി മീര, അയൽക്കൂട്ടാംഗങ്ങളായ സൽമ, സുജി, മോനിമ എന്നിവർ തുക ഏറ്റുവാങ്ങി. കുടുംബശ്രീ അസിസ്റ്റന്റ് ജില്ലാ മിഷൻ കോഓർഡിനേറ്റർ ഹാരിഫാ ബീഗം എസ്.പി, എസ്.ബി.ഐ ഡി.ജി.എം രാജേഷ്.വൈ, റീജിയണൽ മാനേജർ ലേഖ മേനോൻ, ബ്രാഞ്ച് മാനേജർ രാജേഷ്.ആർ.ചന്ദ്രൻ, കുടുംബശ്രീ ജില്ലാ പ്രോഗ്രാം മാനേജർ സബിത.സി എന്നിവർ പങ്കെടുത്തു.