പാലക്കാട്: വ്യവസായ മേഖലയുടെ സുഗമമായ പ്രവർത്തനത്തിനും വ്യവസായികൾക്കും സംരംഭകർക്കും തൊഴിൽ ആഗ്രഹിക്കുന്നവർക്കുമായി സംസ്ഥാനത്ത് ഒരു അക്കാ‌ഡമി ആരംഭിക്കുമെന്ന് മന്ത്രി ഇ.പി.ജയരാജൻ പറഞ്ഞു. കഞ്ചിക്കോട് ഇൻഡസ്ട്രിയൽ ഫോറം സംഘടിപ്പിച്ച മുഖാമുഖം പരിപാടിയിൽ സംസാരിക്കുകയായിരുന്നു മന്ത്രി.

വ്യവസായത്തിനൊപ്പം വാണിജ്യവും പ്രധാനമാണ്. വാണിജ്യരംഗത്തെ സാധ്യതകൾ കണ്ടെത്താൻ സുശീൽ ഖന്ന ചെയർമാനായി വ്യവസായികൾ അംഗങ്ങളായുമുള്ള മാർക്കറ്റിങ് കമ്പനി രൂപീകരിക്കും. ഇവർ വിപണി സാധ്യതകൾ, അസംസൃത വസ്തു ലഭ്യത എന്നിവ ഉറപ്പുവരുത്താനായി പ്രവർത്തിക്കും. തൊഴിൽ അന്തരീക്ഷം മെച്ചപ്പെടുത്തുകയാണ് സർക്കാർ ലക്ഷ്യം. കഞ്ചിക്കോട് മേഖലയിലെ തൊഴിൽ പ്രശ്‌നങ്ങൾ പരിഹരിക്കാൻ നിയമസഭാ സമ്മേളനത്തിന് ശേഷം ഇടപെടൽ ഉണ്ടാവും. നോക്ക് കൂലി അനുവദിക്കാനാവില്ല. നോക്ക് കൂലി ആവശ്യപ്പെടുന്നവരിൽ നിന്നും വ്യവസായികൾക്ക് സർക്കാർ സംരക്ഷണം നൽകും. കാഞ്ചിക്കോട്ടേക്ക് ആവശ്യമായ വൈദ്യുതി സോളാറിലൂടെ ഉണ്ടാക്കാൻ കിൻഫ്രയ്ക്ക് അനുമതി നൽകിയിട്ടുണ്ട്. വൈദ്യുതി അപകടങ്ങളും ചോർച്ചയും ഒഴിവാക്കാൻ കഞ്ചിക്കോട് വ്യവസായ മേഖലയിൽ വൈദ്യുതി ലൈനുകൾ ഭൂമിക്കടിയിലൂടെയാക്കും.

കോയമ്പത്തൂർ വിമാനത്താവളത്തിന്റെ സാന്നിധ്യം പാലക്കാട്ടെ വ്യവസായ മേഖലയ്ക്ക് വലിയ സാധ്യതയാണ് നൽകുന്നത്. ഐ. ടി. കമ്പനികളുടെ സാധ്യത പ്രയോജനപ്പെടുത്താൻ കഴിയണം. വിവിധ സാഹചര്യങ്ങളിൽ കഞ്ചിക്കോട് വിട്ടുപോയ വ്യവസായികളെ തിരിച്ചെത്തിക്കാൻ ചർച്ചനടത്തും. അയൽ സംസ്ഥാനത്തുനിന്നപോലും വ്യവസായികളെ കേരളത്തിലേക്ക് ആകർഷിക്കുകയാണ് ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു.

കഞ്ചിക്കോട് ഇൻഡസ്ട്രിയൽ ഫോറം ജനൽ സെക്രട്ടറി കിരൻകുമാർ, കഞ്ചിക്കോട് ഇൻഡസ്ട്രിയൽ ഫോറം വൈസ് പ്രസിഡന്റ് കെ. കെ. ബാബു, വി. രവീന്ദ്രൻ, മുഹമ്മദ് ഷാഫി, ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർ രാജ് മോഹൻ, കിൻഫ്ര എം. ഡി. സന്തോഷ് കോശി തോമസ് എന്നിവർ യോഗത്തിൽ പങ്കെടുത്തു.

(ഫോട്ടോ 5): കഞ്ചിക്കോട് ഇൻഡസ്ട്രിയൽ ഫോറം സംഘടിപ്പിച്ച മുഖാമുഖം പരിപാടിയിൽ മന്ത്രി ഇ.പി. ജയരാജൻ സംസാരിക്കുന്നു