പാലക്കാട്: കേരളത്തിലെ ഏറ്റവും വലിയ വ്യവസായ നഗരമായി കഞ്ചിക്കോടിനെ മാറ്റുകയെന്ന ലക്ഷ്യത്തോടെ ഫെബ്രവരി മുതൽ വ്യവസായികൾക്കായി കുടിശിക നിവാരണ അദാലത്ത് നടത്തുമെന്ന് മന്ത്രി ഇ.പി ജയരാജൻ പറഞ്ഞു. കെ.എസ്.ഐ.ഡി.സി, വ്യവസായവകുപ്പ് എന്നിവയിൽനിന്നും വായ്പയെടുത്ത വ്യവസായികളുടെ പിഴപ്പലിശ പൂർണമായി ഒഴിവാക്കും. ആകെ വായ്പാത്തുകയുടെ കൂടുതൽ തുക പലിശയായി വാങ്ങില്ലെന്നും മന്ത്രി പറഞ്ഞു. കഞ്ചിക്കോട് വ്യവസായമേഖല നേരിടുന്ന പ്രശ്‌നങ്ങൾ മനസിലാക്കാനും കൊച്ചി - കോയമ്പത്തൂർ വ്യാവസായിക ഇടനാഴിയുമായി ബന്ധപ്പെട്ട് ഭൂമി ഏറ്റെടുക്കൽ നടപടികൾ ചർച്ചചെയ്യാനുമായി കിൻഫ്ര വ്യവസായപാർക്ക് സന്ദർശിച്ച ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി.
പാലക്കാടിനെ വ്യവസായ നഗരമാക്കി വളർത്തിയെടുക്കാനുള്ള സാധ്യതകൾ ഏറെയാണ്. കൂടുതൽ വ്യവസായികളെ ആകർഷിക്കാനാണ് സർക്കാർ പദ്ധതിയിടുന്നത്. വ്യാപാരികളുടെ വ്യക്തിപരമായ തൊഴിൽ പ്രശ്‌നങ്ങൾ അവരുമായും പൊതുപ്രശ്‌നം സംസ്ഥാന ജില്ലാതല തൊഴിലാളി യൂണിയനുകളുമായും ബന്ധപ്പെട്ട് പരിഹരിക്കും. വ്യാവസായിക ഇടനാഴിക്ക് ഭൂമിഏറ്റെടുക്കാൻ കിൻഫ്രയ്ക്ക് 1300 കോടിരൂപ കിഫ്ബിയിലൂടെ അനുവദിച്ചിട്ടുണ്ട്. പുതിയ പദ്ധതികൾക്ക് കിൻഫ്ര വ്യവസായികൾക്ക് ഭൂമി നൽകും. വ്യവസായ രംഗത്തെ ഉണർവ്വ് ലക്ഷ്യമിട്ട് തൊഴിലാളി സംരംഭക സൗഹാർദ്ദ നയമാണ് സർക്കാരിന് ഉള്ളതെന്നും മന്ത്രി പറഞ്ഞു.വ്യവസായ കേന്ദ്രത്തിലെ വിവിധ യൂണിറ്റുകളും മന്ത്രി സന്ദർശിച്ചു.
(ഫോട്ടോ 6,7) : വ്യവസായ വകുപ്പ് മന്ത്രി ഇ. പി. ജയരാജൻ കിൻഫ്ര വ്യവസായ പാർക്ക് സന്ദർശിക്കുന്നു