തിരുവല്ല: സ്വന്തമായൊരു വീട് എന്നത് ഏവരുടെയും സ്വപ്നമാണ്. എല്ലാവർക്കും വാസയോഗ്യമായ വീട് എന്ന ആശയവുമായി സംസ്ഥാന സർക്കാർ ലൈഫ് പദ്ധതിക്ക് തുടക്കമിട്ടപ്പോൾ ആശ്വസിച്ചത് ഷെഡിലും കുടിലിലും അന്തിയുറങ്ങിയിരുന്ന ആയിരങ്ങളായിരുന്നു. ഗ്രാമസഭ തിരഞ്ഞെടുക്കുന്നവരാണ് ലൈഫ് പദ്ധതിയുടെ ഗുണഭോക്താക്കൾ. സ്വന്തമായി ഭൂമി ഇല്ലാത്തവർക്ക് ഭൂമി വാങ്ങി നൽകി വീടുവച്ചും ഭൂമിയുള്ളവർക്ക് അതിൽ വീട് നിർമ്മിച്ചു നൽകിയും ലൈഫ് പദ്ധതി സാധാരണക്കാരന്റെ മനസിൽ ഇടംതേടി. നിരവധി പേർക്ക് ആശ്വാസത്തിന്റെ തുരുത്തായ ലൈഫ് പദ്ധതിയിൽ ഇടംതേടിയിട്ടും അധികൃതർ സാങ്കേതികത്വം നിരത്തിയപ്പോൾ വീട് നിർമ്മിക്കാനാകാതെ പോയ നൂറ് കണക്കിനാളുകളുമുണ്ട്. ഇത്തരത്തിൽ കെടുതിയിലായ മൂന്ന് കുടുംബങ്ങൾ നെടുമ്പ്രം പഞ്ചായത്തിലെ എട്ടാം വാർഡിലുണ്ട്.

നെടുമ്പ്രം വില്ലേജിൽ കല്ലുങ്കൽ പുളിയൻമാവിൽ കിഴക്കേതിൽ മജൂലാൽ.എം, വല്ല്യേലിൽ ഷിനുകുഞ്ഞച്ചൻ ,വളയംപറമ്പിൽ സുധാമണി എന്നിവരുടെ കുടുംബങ്ങളാണ് തീരാദുരിതത്തിൽ കഴിയുന്നത്.

ഇവർ വർഷങ്ങളായി താമസിച്ചുവരുന്ന ഭൂമി നിലമാണെന്നുള്ള കാരണം നിരത്തിയാണ് വീട് നിർമ്മാണത്തിന് അനുമതി നിഷേധിച്ചത്. ലൈഫ് പദ്ധതിയിലെ വീട് നിർമ്മാണത്തിന് സാങ്കേതികത്വം തടസമാകരുതെന്നുള്ള സർക്കാർ നിർദേശം നിലനിൽക്കെയാണ് ഇൗ കുടുംബങ്ങൾ വീട് എന്ന സ്വപ്നത്തിനായി സർക്കാർ ഒാഫീസുകൾ കയറിയിറങ്ങുന്നത്. വീട് നിർമ്മാണത്തിന് സ്ഥലം പരുവപ്പെടുത്താനായി പ്രാഥമിക നിരീക്ഷണ സമിതികൾക്ക് നൽകിയ അപേക്ഷ ജില്ലാതല നിരീക്ഷണ സമിതിക്ക് കൈമാറിയത് മുതൽ തുടങ്ങുകയാണ് ഇവരുടെ ഗതികേ‌ട്. ജില്ലാതല സമിതി നിലം ആണെന്ന കാരണത്താൽ അപേക്ഷ തള്ളി. ലൈഫ് പദ്ധതി എന്നുള്ള പരിഗണനപോലും ഇവർക്ക് നൽകിയില്ല. ഇതിനിടെ നടന്ന അദാലത്തും വ്യക്തത നൽകാതെ പിരിഞ്ഞു. ഇതിനിടെ ഇവർക്കൊപ്പം അപേക്ഷ നൽകിയവരും ഇവരുടെ വസ്തുവിന്റെ അതിരുപങ്കിടുന്നവരുമായവർ ലൈഫ് പദ്ധതിയിലും അല്ലാതെയും കോൺക്രീറ്റ് വീടുകൾ നിർമ്മിച്ച് താമസം ആരംഭിച്ചു. ഒരേതരത്തിലുള്ള ഭൂമിയിൽ താമസിക്കുന്നവർക്ക് അധികൃതർ നടപ്പാക്കിയ രണ്ടുതരം നീതിയാണ് ഇൗ കുടുംബങ്ങളെ ദുരിതത്തിലാക്കുന്നത്.

പ്രതീക്ഷ ജില്ലാകളക്ടറിൽ

നിരീക്ഷണ സമിതിയുടെ തീരുമാനം വീട് നിർമാണത്തിന് തടസമായതോടെ കുടുംബങ്ങൾ ജില്ലാ കളക്ടർ പി.ബി.നൂഹിന് കണ്ട് കാര്യങ്ങൾ വ്യക്തമാക്കിയിരുന്നു. അപ്പീൽ അപേക്ഷ നൽകി അനുകൂല തീരുമാനത്തിനായി കാത്തിരിക്കുകയാണ് ഇൗ കുടുംബങ്ങൾ.

മൂന്ന് കുടുംബങ്ങൾ

നെടുമ്പ്രം പഞ്ചായത്തിലെ എട്ടാം വാർഡിൽ.

നെടുമ്പ്രം വില്ലേജിൽ

മജൂലാലിന്റെ കുടുംബം

ഭാര്യയും രണ്ടുമക്കളും അമ്മയും

ജോലി: തയ്യൽ

താമസം : താത്കാലിക വീട്ടിൽ

ഭൂമി: ആറ് സെൻഡ്

ഷിനുകുഞ്ഞച്ചന്റെ കുടുംബം

ഭാര്യയും രണ്ടുകൊച്ചുകുട്ടികളും

ജോലി: കൂലിപ്പണി

താമസം : വാടക വീട്ടിൽ

ഭൂമി : മൂന്ന് സെന്റ്

സുധാമണിയുടെ കുടുംബം

ഭർത്താവും രണ്ടു കുട്ടികളും തളർച്ച ബാധിച്ച ഭർതൃമാതാവും

ജോലി: കൂലിപ്പണി

താമസം : ഷെഡിൽ

ഭൂമി : ആറ് സെന്റ്

ഇൗ കുടുംബങ്ങൾ ലൈഫ് പദ്ധതിയിലെ വീടിന് അർഹതയുള്ളവരാണ്. നിലം ആണെന്നുള്ള കാരണം നിരത്തി ലൈഫ് പദ്ധതിയിൽ വീട് അനുവദിക്കാതിരിക്കാനാകില്ല. സാങ്കേതികത്തം പറയുന്നവർ പദ്ധതിയെ അട്ടിമറിക്കുകയാണ്.

കെ.ബിനിൽ കുമാർ,

പുളിക്കീഴ് ബ്ളോക്ക് പഞ്ചായത്തംഗം