കോന്നി: കോന്നി പഞ്ചായത്ത് ഒന്നാം വാർഡ് ഹരിതസമൃദ്ധി വാർഡായി പ്രഖ്യാപിച്ചു. ജനകീയാസൂത്രണ പദ്ധതിയിലൂടെ കാർഷിക മേഖലയിൽ നടപ്പിലാക്കി വരുന്ന പദ്ധതികളുടെ നടത്തിപ്പിനോടൊപ്പം കൃഷി വകുപ്പിന്റെ പദ്ധതികളും കൃത്യമായി നടപ്പിലാക്കിയതിന്റെ ഫലമായിട്ടാണ് ഹരിതസമൃദ്ധി വാർഡായി പ്രഖ്യാപിച്ചത്.നിലവിലുള്ള നെൽക്കൃഷിയിൽ കുറവ് വരാതെ അട്ടച്ചാക്കൽ കിഴക്കുപുറം പാടശേഖര സമിതികൾ നടത്തുന്ന പ്രവർത്തനങ്ങളും ഹരിതസമൃദ്ധിയിൽ ഉൾപ്പെട്ടിട്ടുണ്ട്. ബ്ലോക്ക് പഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതി പ്രകാരം കോന്നി പഞ്ചായത്തിലെ അട്ടച്ചാക്കൽ കിഴക്കുപുറം പാടശേഖര സമിതികൾക്കായി ട്രാക്ടർ വാങ്ങി നൽകി.10 ലക്ഷം രൂപ അടങ്കൽ തുക വകയിരുത്തുകയും 10ശതമാനം തുക ഗുണഭോക്താക്കളുടെ വിഹിതമായി കണ്ടെത്തുകയും ചെയ്താണ് ഇപ്പോൾ ട്രാക്ടർ സമിതിയ്ക്ക് കൈമാറിയിരിക്കുന്നത്.നെൽക്കർഷകരെ സംബന്ധിച്ചിടത്തോളം ആശ്വാസകരമാകുന്ന നടപടിയാണിത്. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കോന്നിയൂർ പി.കെ പദ്ധതികൾ ഉദ്ഘാടനം ചെയ്തു.പഞ്ചായത്ത് പ്രസിഡന്റ് എം.രജനി അദ്ധ്യക്ഷത വഹിച്ചു.പഞ്ചായത്ത് വൈസ് പ്രസിഡന്റ് പ്രവീൺ പ്ലാവിളയിൽ,ദീനാമ്മ റോയ്,ലീല രാജൻ,എലിസബത്ത് രാജു,പ്രിയ.എസ്.തമ്പി, മിനി വിനോദ്,എൻ.എൻ.രാജപ്പൻ,ലാൽ കുമാർ,കൃഷി ഓഫീസർ ജ്യോതി കൃഷ്ണ,ഹരിത കേരള മിഷൻ അംഗം ഹരിത എന്നിവർ പ്രസംഗിച്ചു.