തണ്ണിത്തോട്: കാട്ടുപന്നികളുടെയും കാട്ടാനകളുടെയും ശല്യത്തിൽ നട്ടം തിരിയുകയാണ് മലയോര മേഖലയിലെ കുടിയേറ്റ കർഷകർ. തണ്ണിത്തോട് പഞ്ചായത്തിലെ മിക്ക പ്രദേശങ്ങളിലും കാട്ടുമൃഗ ശല്യം രൂക്ഷമാണ്. ജീവിതമാർഗമായ കൃഷി ഉപേക്ഷിക്കേണ്ട ഗതികേടിലാണ് കർഷകർ. ജനവാസ മേഖലയോട് ചേർന്ന പ്രദേശങ്ങളിൽ വനംവകുപ്പ് സ്ഥാപിച്ച സൗരോർജ വേലികൾ നശിച്ചു. ഇത് മുതലാക്കി വന്യമൃഗങ്ങൾ കൃഷിയിടങ്ങളിൽ എത്തിയിട്ടും വേലികൾ അറ്റകുറ്റപ്പണികൾ നടത്തി പ്രവർത്തിപ്പിക്കുന്നതിനോ, പുതിയവ സ്ഥാപിക്കുന്നതിനൊ ശ്രമിക്കുന്നില്ലെന്നാണ് കർഷകരുടെ പരാതി. തണ്ണിത്തോട് പഞ്ചായത്തിലെ കൂത്താടിമൺ, മേക്കണ്ടം, തൂമ്പാക്കുളം തുടങ്ങിയ പ്രദേശങ്ങളിൽ സന്ധ്യ മയങ്ങിയാൽ കാട്ടാന എത്തും. വീടുകളുടെ സമീപത്ത് വരെ കാട്ടാനയെ കണ്ടിട്ടുണ്ട്. കാട്ടുപന്നികൾ പകലും കൃഷിയിടങ്ങളിൽ ഇറങ്ങാറുണ്ട്. കാടിറങ്ങുന്ന പന്നികൾ നാട്ടിലെ പൊന്തക്കാടുകൾ താവളമാക്കുകയാണ്. കാട്ടുപന്നികളുടെ ആക്രമണത്തിൽ നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്.
കർഷകർ കൃഷി ഉപേക്ഷിക്കുന്നു
വന്യമൃഗങ്ങൾ കൃഷി നശിപ്പിച്ചാൽ നഷ്ടപരിഹാരം ലഭിക്കാത്തതിനാലും സംരക്ഷണ മാർഗങ്ങൾ ഒരുക്കാത്തത് മൂലവും തണ്ണിത്തോട് പഞ്ചായത്തിൽ കർഷകർ കൃഷി ഉപേക്ഷിക്കുകയാണ്. തൂമ്പാക്കുളം പത്തിയത്ത് അനിയന്റെ കൃഷിയിടത്തിൽ കഴിഞ്ഞ ഒരു വർഷത്തിനിടെ നാലു തവണയാണ് കാട്ടാന വിളകൾ നശിപ്പിച്ചത്. തണ്ണിത്തോട് മേക്കണ്ടം അഞ്ചുതെങ്ങിൽ വിഭുവിന്റെ കൃഷിസ്ഥലത്ത് ഒരു മാസത്തിനിടെ പല തവണ കാട്ടാന വിളകൾ നശിപ്പിച്ചു.
ജനവാസ മേഖലയിറങ്ങുന്ന കാട്ടുപന്നികളെ ഇല്ലായ്മ ചെയ്യാനുള്ള അധികാരം ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ, വൈൽഡ് ലൈഫ് വാർഡൻ എന്നിവർക്ക് കൈമാറുന്നതിന്റെ ഭാഗമായി പഞ്ചായത്ത് തല കമ്മിറ്റികൾ 24 ന് രൂപീകരിച്ചു. ഇത് കർഷകർക്ക് ഏറെ സഹായകമാകും.
കെ.യു.ജനീഷ് കുമാർ എം.എൽ.എ
വന്യജീവികൾ വ്യാപകമായി കൃഷികൾ നശിപ്പിച്ചിട്ടും അധികൃതർ നടപടി സ്വീകരിക്കാത്തതിൽ പ്രതിഷേധിച്ച് പ്രക്ഷോഭം സംഘടിപ്പിക്കും.
ജോർജ് മോഡി
ദേശീയ കർഷക തൊഴിലാളി യൂണിയൻ
(ഐ.എൻ.ടി.യു.സി) സംസ്ഥാന സെക്രട്ടറി