അടൂർ: നഗരത്തിലെ ഒരുവിഭാഗം വ്യാപാര സ്ഥാപനങ്ങളിലും പള്ളിക്കൽ പഞ്ചായത്തിലെ ഭൂരിപക്ഷം പ്രദേശങ്ങളിലും കുടിവെള്ള വിതരണം മുടങ്ങിയിട്ട് രണ്ടാഴ്ച പിന്നിട്ടിട്ടും അധികൃതർക്ക് നിസംഗത.പരാതി ഇനി ആരോട് പറയണമെന്നാണ് വ്യാപാരികളും ഗാർഹിക ഉപയോക്താക്കളും ചോദിക്കുന്നത്. പരാതി കേൾക്കാനും അടൂരിലെ വാട്ടർ അതോറിറ്റി ഓഫീസിൽ ആരുമില്ലാത്ത സ്ഥതിയാണ്. ജനങ്ങൾ അനുഭവിക്കുന്ന ദുരിതം കണ്ടറിയാൻ ജനപ്രതിനിധികളും തയാറാകാത്തതോടെ നാഥനില്ലാ കളരിയായി വാട്ടർ അതോറിറ്റി ഓഫീസ് മാറി.പള്ളിക്കൽ പഞ്ചായത്തിൽ പൂർണമായും കുടിവെള്ളം എത്തിക്കുന്നത് എം.സി റോഡിന്റെ പടിഞ്ഞാറ് ഭാഗത്തൂടെ സ്ഥാപിച്ചിരിക്കുന്ന ലൈനിലൂടെയാണ്.ഈ വെള്ളം ഹൈസ്കൂൾ ജംഗ്ഷന് സമീപമുള്ള മലയിൽ സ്ഥാപിച്ചിരിക്കുന്ന ജലസംഭരണിയിൽ ശേഖരിച്ച ശേഷമാണ് പള്ളിക്കൽ പഞ്ചായത്തിന്റെ വിവിധ മേഖലകളിൽ കുടിവെള്ളം ലഭ്യമാക്കുന്നത്.റോഡിന് കുറുകെ കുഴിയെടുക്കാനുള്ള ബുദ്ധിമുട്ട് കാരണമാണ് ഒരു പഞ്ചായത്തിലേക്കുള്ള പ്രധാന ജലവിതരണ ശൃംഗലയിൽ നിന്നും അടൂർ നഗരത്തിലെ എം.സി റോഡിന് പടിഞ്ഞാറു ഭാഗത്തുള്ള വ്യാപാര സ്ഥാപനങ്ങൾക്കും കുടിവെള്ളം ലഭ്യമാക്കിയത്. ഇതോടെ നഗരഹൃദയത്തിലെ ഒരുഭാഗത്തും കുടിവെള്ളം ലഭ്യമാകാതെയായി.കരുവാറ്റ പള്ളിക്ക് മുൻഭാഗത്ത് റിലയൻസ് കമ്പനി രണ്ടാഴ്ച മുൻപ് കേബിളിന് കുഴിയെടുത്തപ്പോൾ ഉണ്ടായ പൊട്ടലാണ് കുടിവെള്ള വിതരണം മുടങ്ങാൻ ഇടയാക്കിയത്.എവിടെയാണ് പൈപ്പിലെ ചോർച്ചയെന്ന് കണ്ടെത്താനുള്ള ഗവേഷണത്തിലാണ് വാട്ടർ അതോറിറ്റി. ദിവസങ്ങൾ പിന്നിട്ടിട്ടും ഇനിയും ചോർച്ച കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.
ഉദ്യോഗസ്ഥരുമില്ല കരാറുകാരുമില്ല..
യഥാസമയം ജോലി ചെയ്യാൻ കരാറുകാരും കൃത്യമായി ജോലി ചെയ്യിപ്പിക്കാൻ ഉദ്യോഗസ്ഥരും ഇല്ലാത്ത സ്ഥിതിയാണ് വാട്ടർ അതോറിറ്റിയുടേത്.അഞ്ച് മാസം മുൻപ് അസി.എൻജിനിയറെ സ്ഥലം മാറ്റിയെങ്കിലും പകരം നിയമനം നടന്നിട്ടില്ല.കോന്നിയിലെ ഉദ്യോഗസ്ഥന് പകരം നിയമനം നൽകിയെങ്കിലും ജോലിത്തിരക്കു കാരണം അടൂരിലെ പ്രശ്നങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാനാകുന്നില്ല. വാട്ടർ അതോറിറ്റിയുടെ മെല്ലെപോക്ക് സമീപനം കാരണം ഉള്ള ബിസിനസ് പോലും നഷ്ടമാകുന്ന അവസ്ഥയാണ്.
രണ്ടാഴ്ചയായി വെള്ളം കിട്ടിയിട്ട്. വീട്ടിൽ നിന്നു കന്നാസിൽ വെള്ളം കൊണ്ടുവന്ന് രണ്ടാം നിലയിൽ ചുമന്ന് കയറ്റിയാണ് അത്യാവശ്യ കാര്യങ്ങൾ നിർവഹിക്കുന്നത്.
സുകന്യ,
(കായ ബ്യൂട്ടി പാർലർ ഉടമ, അടൂർ)
-കേബിൾകുഴി എടുത്തപ്പോഴുണ്ടായ പൊട്ടലാണ് കുടിവെള്ള ചോർച്ചക്ക് കാരണം
-2 ആഴ്ചയായി കുടിവെള്ളമില്ല
-വാട്ടർ അതോറിറ്റി ഇനിയും ചോർച്ച കണ്ടെത്തിയില്ല