പത്തനംതിട്ട: കാട്ടുപന്നി ശല്യം രൂക്ഷമായ ജില്ലയിൽ നാട്ടുകാരുടെ ഉറക്കംക്കെടുത്തി പന്നിമൂട്ടകൾ പെരുകുന്നു. കൊടുമൺ, മലയാലപ്പുഴ, കലഞ്ഞൂർ, തണ്ണിത്തോട്, നാരങ്ങാനം പഞ്ചായത്തുകളിൽ കുട്ടികളടക്കം നിരവധിയാളുകളുടെ ശരീരത്ത് പന്നിമൂട്ടകളെ കണ്ടെത്തി. കാടിറങ്ങുന്ന പന്നികൾ മലയോര മേഖലയിലാകെ പെരുകിയിട്ടുണ്ട്. റബർത്തോട്ടങ്ങളും കാട് തെളിക്കാത്ത കനാലുകളുമാണ് ആവാസ കേന്ദ്രങ്ങൾ. കാട്ടുപന്നി ഭീഷണി നിലനിൽക്കെയാണ് പന്നിമൂട്ടകളുടെ വ്യാപനവും.
രക്തം കുടിച്ച് വീർക്കുന്ന പന്നിമൂട്ടകൾ അസഹ്യമായ ചൊറിച്ചിലും ശരീരവേദനയും പനിയുമുണ്ടാക്കുന്നു. ചെവിയ്ക്കുളളിലും ചെവിയുടെ പിന്നിലും തലയിലുമാണ് പന്നിമൂട്ടകൾ കൂടുതലായി കയറിപ്പറ്റുന്നത്.
മലയാലപ്പുഴ സ്വദേശി അനിലിന്റെ രണ്ട് വയസുളള മകന്റെ ചെവിയിൽ കയറിയ പന്നിമൂട്ടയെ ആശുപത്രിയിലെത്തിച്ചാണ് പുറത്തെടുത്തത്. കൊടുമൺ അങ്ങാടിക്കൽ സ്വദേശി ദേവരാജന്റെയും ഏഴുവയസുളള കൊച്ചുമകന്റെയും ദേഹത്ത് നിന്ന് കഴിഞ്ഞ ദിവസം പന്നിമൂട്ടയെ പുറത്തെടുത്തു. പന്നിമൂട്ടയുടെ കടിയേറ്റവർക്ക് ആശുപത്രികളിൽ നിന്ന് ചൂട് കുറയാനും ആന്റിബയോട്ടിക് മരുന്നുകളുമാണ് നൽകുന്നത്. ഡിസംബർ, ജനുവരി, ഫെബ്രുവരി മാസങ്ങളിലാണ് പന്നിമൂട്ട ശല്യം വ്യാപകമാകുന്നത്. കുട്ടുപന്നികൾ മണ്ണ് കുത്തിയിളക്കുകയും കിടന്നുരുളുകയും മരത്തിൽ ദേഹം ഉരയ്ക്കുകയും ചെയ്യുമ്പോഴാണ് മൂട്ടകൾ വീഴുന്നത്. വീടുകളുടെ പരിസരങ്ങളിലും കൃഷിയിടങ്ങളിലും എത്തുന്ന കാട്ടുപന്നികളിൽ നിന്നാണ് മൂട്ടകൾ മനുഷ്യരിലേക്ക് പ്രവേശിക്കുന്നത്.
>>>
സാമ്പിൾ പരിശോധനയ്ക്ക് അയച്ചു
മലയാലപ്പുഴയിൽ കുട്ടിയുടെ ചെവിയിൽ നിന്ന് പുറത്തെടുത്ത മൂട്ടയുടെ സാമ്പിൾ പരിശോധന നടത്തും. ഇതിനായി മണ്ണുത്തി വെറ്റിറനറി ഗവേഷണ കേന്ദ്രത്തിലേക്ക് അയച്ചു. ജീവി പന്നിമൂട്ട തന്നെയാണോ എന്ന് ഉറപ്പിച്ച ശേഷം തുടർ പരിശോധന നടത്തും.
ഡോ. എം.മാത്യു
ജില്ലാ വെറ്റിറനറി വിഭാഗം പി.ആർ.ഒ
>>>
പോരാട്ടം തുടങ്ങിയത് ദേവരാജൻ
കൃഷി നശിപ്പിക്കുകയും ആളുകളെ ആക്രമിക്കുകയും ചെയ്യുന്ന കാട്ടുപന്നികളെ തുരത്തണമെന്നാവശ്യപ്പെട്ട് ജില്ലയിൽ കർഷകരുടെ കൂട്ടായ്മകൾ നടന്നുവരുന്നുണ്ട്. കാട്ടുപന്നികളെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കണമെന്നും ജനവാസ കേന്ദ്രങ്ങളിലിറങ്ങിയാൽ വെടിവയ്ക്കണമെന്നും ആവശ്യപ്പെട്ട് മനുഷ്യാവകാശ കമ്മിഷനിലും സർക്കാർ കേന്ദ്രങ്ങളിലും പരാതികൾ നൽകി പോരാട്ടങ്ങൾക്ക് തുടക്കം കുറിച്ചത് കൊടുമൺ അങ്ങാടിക്കൽ ദിവ്യഭവനിൽ ദേവരാജനാണ്. പതിനഞ്ച് വർഷം മുൻപ് അദ്ദേഹം കാട്ടുപന്നികളെ തുരത്തണമെന്ന് ആവശ്യപ്പെട്ട് രംഗത്തിറങ്ങിയപ്പോൾ പലരും കളിയാക്കി. ദേവരാജൻ വീട്ടുപറമ്പിൽ നടത്തിയ കൃഷി കാട്ടുപന്നികൾ നശിപ്പിക്കുന്നത് നേരിൽക്കണ്ട് നിസഹായനായി നിന്നിട്ടുണ്ട്. കൃഷിയിൽ നിന്നുളള വരുമാനം ഇല്ലാതായതോടെ പരാതിയുമായി വനംവകുപ്പിനെയാണ് ആദ്യം സമീപിച്ചത്. കൃഷിക്ക് ചെലവായ തുകയുടെ നാലിലൊന്നു പോലും നഷ്ടപരിഹാരം കിട്ടാതെ വന്നതോടെ മനുഷ്യാവകാശ കമ്മിഷനെ സമീപിച്ചു. വന്യമൃഗങ്ങളിൽ നിന്ന് ലഭിക്കേണ്ട സംരക്ഷണം എന്തൊക്കയെന്ന് ചോദിച്ചപ്പോൾ മറുപടി ലഭിക്കാതിരുന്നതിനാൽ വിവരാവകാശ നിയമം ഉപയോഗിച്ച് രേഖകൾ സമ്പാദിച്ചു. മനുഷ്യാവകാശ കമ്മിഷനിലും വനം, വന്യജീവി വകുപ്പിലും നൽകിയ പരാതികളെ തുടർന്ന് കൃഷിയിടത്തിലിറങ്ങുന്ന കാട്ടുപന്നികളെ വെടിവയ്ക്കാൻ ഡി.എഫ്.ഒ മാർക്ക് അനുമതി നൽകിയിട്ടുണ്ട്. എന്നാൽ, കാട്ടുപന്നികളെ കണ്ട് വനപാലകരെ വരുത്തുമ്പോഴേക്കും അവ കടന്നുകളയുമെന്നും കെണിവച്ച് കൊല്ലാൻ കർഷകർക്ക് അനുമതി നൽകണമെന്നുമാണ് ദേവരാജന്റെ ആവശ്യം. കാട്ടുപന്നികളെ ക്ഷുദ്രജീവി വിഭാഗത്തിൽ മൂന്നാം പട്ടികയിൽ നിന്ന് അഞ്ചാം പട്ടികയിൽ ഉൾപ്പെടുത്തി നശിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ദേവരാജൻ നിവേദനങ്ങൾ നൽകിയിട്ടുണ്ട്.
50 - മലയാലപ്പുഴ പഞ്ചായത്തിൽ പന്നിമൂട്ടയുടെ കടിയേറ്റ്
ചികിത്സ തേടിയവർ അൻപതിലധികം.