ചെന്നീർക്കര : ചെന്നീർക്കര എസ്.എൻ.ഡി.പി എച്ച്.എസ്.എസിലെ ലിറ്റിൽ കൈറ്റ്‌സ് യൂണിറ്റിന്റെ നേതൃത്വത്തിൽ തുണിസഞ്ചികൾ നിർമ്മിച്ച് നൽകി മാതൃകയാകുന്നു. ഇതിന്റെ ആദ്യ ഭാഗമായി പ്ലാസ്റ്റിക് ഫ്രീ ചെന്നീർക്കര എന്ന ക്യാമ്പയിനുമായി മുന്നോട്ടു പോകുന്ന ചെന്നീർക്കര ലിറ്റിൽ കൈറ്റ്‌സ് യൂണിറ്റ് സംസ്ഥാനത്തെ തന്നെ ഏറ്റവും മികച്ച ലിറ്റിൽ കൈറ്റ്‌സ് യൂണിറ്റുകളിൽ ഒന്നാണ്.പ്ലാസ്റ്റിക് ഉപയോഗത്തിന്റെ ദൂഷ്യവശങ്ങൾ വിവരിച്ച് ബോധവൽക്കരണ ക്ലാസുകൾ എടുത്തതിനുശേഷമാണ്കുട്ടികൾ തുണിസഞ്ചികൾ വിതരണം ചെയ്യുന്നത്. ക്രിസ്മസ് അവധിക്കാലത്ത് നിർമ്മിച്ച തുണിസഞ്ചികൾ പുതുവത്സര ദിനത്തിൽ സ്‌കൂൾ എച്ച്.എം.എസ് ഷീബയ്ക്ക് ലിറ്റിൽ കൈറ്റ്‌സ് പ്രതിനിധികൾ നൽകിയാണ് പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചത്.പരിസരത്തുള്ള കടകളിലും സമീപപ്രദേശത്തുള്ള സ്‌കൂളുകളിലും നാട്ടുകാർക്കും സൗജന്യമായി കുട്ടികൾ തുണിസഞ്ചികൾ എത്തിക്കുകയാണ്. പ്ലാസ്റ്റിക്കിനോട് പിണങ്ങാം എന്ന പരസ്യ ചിത്രവും യൂണിറ്റിന്റെ നേതൃത്വത്തിൽ ഒരുങ്ങിക്കഴിഞ്ഞു. പ്രവർത്തനങ്ങൾക്ക് കൈറ്റ് മിസ്സ്ട്രസായ അഞ്ചു പ്രസാദ് നേതൃത്വം നൽകി.