തിരുവല്ല: സിവിൽ സപ്ലൈസിന്റെ ഓഫീസ് കം സൂപ്പർ മാർക്കറ്റ് ആൻഡ് ഗോഡൗൺ നിർമ്മാണം സാമ്പത്തിക പ്രതിസന്ധിയിൽ കുടുങ്ങി.കാവുംഭാഗം അമ്പിളി ജംഗ്ഷന് സമീപത്തെ ബഹുനില കോംപ്ലക്‌സിന്റെ നിർമ്മാണമാണ് ഇഴഞ്ഞു നീങ്ങുന്നത്. 2011ൽ അന്നത്തെ മന്ത്രി സി.ദിവാകരൻ ശിലാസ്ഥാപനം നടത്തിയെങ്കിലും പലവിധ കാരണങ്ങളാൽ ജോലികൾ നീണ്ടുപോയി.എന്നാൽ തടസങ്ങൾ മാറിയതോടെ 2018 ഡിസംബർ 17ന് കെട്ടിടത്തിന്റെ നിർമ്മാണം തുടങ്ങി.2019 ഒക്ടോബർ 16ന് മുമ്പ് നിർമ്മാണം പൂർത്തിയാക്കാനായിരുന്നു കരാർ കാലാവധി.എന്നാൽ 40 ശതമാനം നിർമ്മാണം മാത്രമേ പൂർത്തിയായുള്ളൂ.അടിത്തറയുടെ കോൺക്രീറ്റിങ്ങും പില്ലറുകളുടെ നിർമ്മാണവും മാത്രമാണ് ഇതുവരെ പൂർത്തിയായത്.കരാറുകാർക്ക് പണം ലഭിക്കാൻ വൈകുന്നതിനാൽ ബാക്കിയുള്ള ജോലികൾ മുടങ്ങിയ നിലയിലാണ്.ഇതിനിടെ ചുറ്റുമതിലിന്റെ നിർമ്മാണവും മറ്റു ജോലികളും സർക്കാരിന്റെ സാമ്പത്തിക പ്രതിസന്ധിയിൽ കുരുങ്ങി കിടക്കുകയാണ്.സിവിൽ സപ്ലൈസിന്റെ റേഷൻ കടകളിലേക്കുള്ള ഭക്ഷ്യസാധനങ്ങൾ സൂക്ഷിക്കുന്ന ഗോഡൗണും ഓഫീസ് സമുച്ചയവും ഷോപ്പിംഗ് കോംപ്ലക്‌സും ഉൾപ്പെടുന്ന കെട്ടിടത്തിന് 5.5കോടിയാണ് കരാർ നൽകിയിട്ടുള്ളത്.എറണാകുളം സ്വദേശി ശങ്കരൻകുട്ടിയാണ് നിർമ്മാണ കരാർ എടുത്തിട്ടുള്ളത്.മേൽനോട്ടം എച്ച്.എൽ.എൽ ഇൻഫ്രാടെക് സർവീസിനാണ്.
കരാർ കാലാവധി നീട്ടി
രണ്ടുമാസം മുമ്പ് കരാർ കാലാവധി അവസാനിച്ചതിനാൽ 2020 മേയ് വരെ സർക്കാർ നീട്ടി നൽകി. എന്നാൽ കാലാവസ്ഥ അനുകൂലമായപ്പോൾ നിർമ്മാണം ഈ രീതിയിൽ പോയാൽ പുതുക്കിയ കാലാവധിയിലും ജോലികൾ പൂർത്തിയാകുമോയെന്ന് ആശങ്കയുയരുന്നു.
വാടക കെട്ടിടത്തിൽ
സിവിൽ സപ്ലൈസിന്റെ നിലവിലെ ഓഫീസും ഗോഡൗണും കറ്റോട് വാടക കെട്ടിടത്തിലാണ് പ്രവർത്തിക്കുന്നത്.പ്രതിമാസം മുപ്പതിനായിരത്തോളം രൂപ വാടകയിനത്തിൽ നൽകിവരുന്നു.പുതിയ കെട്ടിടം നിർമ്മിച്ച് ഓഫീസും ഗോഡൗണും അവിടേക്ക് മാറ്റാനാണ് കോർപ്പറേഷൻ ലക്ഷ്യമിടുന്നത്.എന്നാൽ നിർമ്മാണം വൈകുന്നതിനാൽ വർഷങ്ങളായി കടുത്ത സാമ്പത്തിക ബാദ്ധ്യതയാണ് സിവിൽ സപ്ലൈസിന് ഉണ്ടാക്കുന്നത്.അമ്പിളി ജംഗ്‌ഷനിലെ ചതുപ്പ് നിലമായിരുന്ന ഈസ്ഥലം 1989ൽ വികസന പ്രവർത്തനങ്ങൾക്കായി സിവിൽ സപ്ലൈസിന് സർക്കാർ പതിച്ചു നൽകിയതാണ്.
നിർമ്മാണം തുടങ്ങിയ ശേഷമുള്ള പ്രതികൂല കാലാവസ്ഥയും പ്ലാൻ ഫണ്ടിൽ നിന്നും പണം ലഭിക്കുന്നതും മറ്റും ജോലികൾ വൈകാൻ കാരണമായി.നിർമ്മാണ പ്രവർത്തനങ്ങൾ വേഗത്തിലാക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്.
അനിൽ
എ.ജി.എം
സിവിൽ സപ്ലൈസ്
-നിർമ്മാണം പൂർത്തിയാക്കേണ്ടത് 2019 ഒക്ടോബർ 16ന് മുമ്പ്
-പൂർത്തിയായത് 40 ശതമാനം മാത്രം