കോന്നി : കായിക വകുപ്പ് കോന്നിയിൽ ആധുനിക ഫിറ്റ്‌നസ് സെന്റർ അനുവദിച്ചതായി കെ.യു.ജനീഷ് കുമാർ എം.എൽ.എ അറിയിച്ചു.എല്ലാവർക്കും ആരോഗ്യം എന്ന ലക്ഷ്യത്തോടെ കായിക വകുപ്പ് നടപ്പിലാക്കി വരുന്ന 'സ്‌പോർട്‌സ് ലൈഫ് ഫിറ്റ്‌നസ് സെന്റർ' എന്ന പദ്ധതിയിൽ ഉൾപ്പെടുത്തി 50 ലക്ഷം രൂപയുടെ അത്യാധുനിക കായികോപകരണങ്ങൾ ഉൾപ്പെടുന്ന ആധുനിക ഫിറ്റ്‌നസ് സെന്ററാണ് കോന്നിയിൽ അനുവദിച്ചത്. മന്ത്രി ഇ.പി.ജയരാജനുമായി എം.എൽ.എ കോന്നി നിയോജക മണ്ഡലത്തിലെ കായിക മേഖലയിലെ പ്രശ്‌നങ്ങൾ സംബന്ധിച്ച് ചർച്ച നടത്തിയതിന്റെ അടിസ്ഥാനത്തിലാണ് കോന്നിക്ക് പുതുവത്സര സമ്മാനമായി പുതിയ ആധുനിക ഫിറ്റ്‌നസ് സെന്റർ ലഭിച്ചത്.3500ചതുരശ്ര അടി വിസ്തീർണമുള്ള കെട്ടിടത്തിലാണ് സ്ഥാപനം പ്രവർത്തിക്കുക. കായികമായി വളരെയധികം പിന്നോക്കം നിൽക്കുന്ന പ്രദേശമാണ് കോന്നി. കായികപരിശീലനത്തിന് മതിയായ സൗകര്യമില്ലാത്തതിനാൽ കോന്നി നിവാസികൾ വളരെയേറെ ബുദ്ധിമുട്ടി വിദൂരസ്ഥലങ്ങളിൽ പോകേണ്ട അവസ്ഥയായിരുന്നു. കോന്നി കേന്ദ്രമാക്കി ഒരു സ്റ്റേഡിയം ഇല്ലാത്തതും ഒരു പോരായ്മയായി നില നിൽക്കുകയാണ്.കോന്നിയിൽ ഫിറ്റ്‌നെസ് സെന്റർ പ്രവർത്തനമാരംഭിക്കുന്നതോടെ കേരളത്തിന്റെ കായിക ഭൂപടത്തിൽ തന്നെ കോന്നി ശ്രദ്ധേയമായ കേന്ദ്രമായി മാറും.കോന്നി നിയോജക മണ്ഡലത്തിലെ കായിക താരങ്ങൾക്കും,യുവാക്കൾക്കും,പൊതുജനങ്ങൾക്കും പ്രയോജനപ്പെടത്തക്ക വിധത്തിൽ മികച്ച സൗകര്യങ്ങളോടെ സ്ഥാപനം ഉടൻ തന്നെ പ്രവർത്തനം ആരംഭിക്കുമെന്നും എം.എൽ.എ പറഞ്ഞു.