പത്തനംതിട്ട: ശബരിമലയിൽ നിലയ്ക്കൽ പാർക്കിംഗ് ഗ്രൗണ്ട് നിറയുന്ന പക്ഷം ചക്കുപാലംരണ്ടിലും ചാലക്കയം പമ്പ റോഡിന്റെ വശങ്ങളിലും വാഹന പാർക്കിംഗിന് സൗകര്യമൊരുക്കുന്ന കാര്യം ദേവസ്വം ബോർഡ് പരിഗണിക്കുന്നുണ്ടെന്ന് പ്രസിഡന്റ് എൻ. വാസു മീറ്റ് ദ പ്രസിൽ പറഞ്ഞു. നിലയ്ക്കലിലെ പാർക്കിംഗ് അശാസ്ത്രീയമാണ്. ഇതു കാരണം കൂടുതൽ വാഹനങ്ങളെ ഉൾക്കൊള്ളാൻ കഴിഞ്ഞിരുന്നില്ല. 10 വാഹനം പാർക്ക് ചെയ്യേണ്ടിടത്ത് അഞ്ചെണ്ണം പോലും ഉൾക്കൊള്ളിക്കാനാകില്ല. പാർക്കിംഗ് കരാറുകാരൻ ജീവനക്കാരെ ഉപയോഗിച്ച് നിയന്ത്രിക്കുകയാണെങ്കിൽ കൂടുതൽ വാഹനങ്ങൾ പാർക്ക് ചെയ്യാം. മകരവിളക്കിന് തിരക്കേറുന്ന സാഹചര്യത്തിലാണ് ചക്കുപാലംരണ്ട് പാർക്കിംഗ് ഗ്രൗണ്ട് തുറന്നു കൊടുക്കാമെന്ന് കരുതുന്നത്. ഈ പാർക്കിംഗ് ഗ്രൗണ്ട് തുറന്നു കൊടുക്കുന്നത് കൊണ്ട് ബേസ് ക്യാമ്പ് പമ്പയിലേക്ക് മാറ്റുന്നുവെന്ന് അർത്ഥമില്ല. ശബരിമലയുടെ ബേസ് ക്യാമ്പ് ഇനി നിലയ്ക്കൽ മാത്രമായിരിക്കും. പമ്പയിൽ ഒരു നിർമാണ പ്രവർത്തനവും ഉണ്ടാകില്ല. മണ്ഡലകാലം മെച്ചപ്പെട്ട തീർത്ഥാടനമാണ് നടന്നത്. തീർത്ഥാടകരുടെ എണ്ണത്തിലും വരുമാനത്തിലും വർദ്ധനവുണ്ടായി.
ശബരിമലയിൽ പൊലീസിന്റെ സേവനം വില മതിക്കാനാവാത്തതാണ്. എന്നാൽ ചില സമയങ്ങളിൽ വേണ്ടത്ര പരിചയമില്ലാത്ത പൊലീസുകാർ എത്താറുണ്ട്. ഇതിന്റെ ഭാഗമായി ചില പ്രശ്‌നങ്ങളും ഉണ്ടായിട്ടുണ്ട്. ചില കാര്യങ്ങൾ ദേവസ്വം ബോർഡുമായി ആലോചിച്ചിട്ടേ ചെയ്യാവൂ എന്ന് പൊലീസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. അന്യാധീനപ്പെട്ട ദേവസ്വം സ്വത്തുക്കൾ തിരിച്ചെടുക്കാൻ ട്രൈബ്യൂണൽ സ്ഥാപിക്കാൻ തീരുമാനിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

റോപ് വേ പമ്പ - സന്നിധാനം റൂട്ടിൽ

പമ്പയിൽ നിന്നു സന്നിധാനത്തേക്കുള റോപ് വേ നിർമ്മണത്തിന് സോയിൽ ടെസ്റ്റ് അനുമതി ലഭിച്ചാൽ മാത്രമേ നടപടികൾ ആരംഭിക്കാൻ കഴിയൂ. നിലക്കലിൽ നിന്ന് സന്നിധാനത്തേക്ക് റോപ് വേ വേണമെന്ന ആവശ്യം ദേവസ്വം ബോർഡ് മുന്നോട്ടുവച്ചിരുന്നു. എന്നാൽ, മാറ്റം വരുത്തുന്നത് ബുദ്ധിമുട്ടുകളുണ്ടാക്കും. അതുകൊണ്ട് റോപ് വേ പമ്പ - സന്നിധാനം റൂട്ടിൽ തന്നെയാകും.
കൂടുതൽ വികസന പ്രവർത്തനങ്ങൾ നടപ്പാക്കാൻ കൂടുതൽ വനഭൂമി വേണം. ഇപ്പോൾ വനം വകുപ്പുമായി തർക്കങ്ങൾ നിലനിൽക്കുന്നുണ്ട്. ഇത് പരിഹരിക്കാൻ കോടതി നിർദ്ദേശപ്രകാരം ദേവസ്വംബോർഡും വനംവകുപ്പും തമ്മിൽ ജോയിന്റ് സർവ്വേ നടന്നു വരുന്നു. തീർത്ഥാടകരുടെ എണ്ണം കുറഞ്ഞു എന്നു പറയുന്നത് ശരിയല്ല .
ദേവസ്വം ബോർഡിന് 1248 ക്ഷേത്രങ്ങളാണ് ഉള്ളത്. ഇതിൽ 61 എണ്ണം മാത്രമേ വരുമാനം ഉള്ളൂ. ഇൗ ക്ഷേത്രങ്ങളിലെ വരുമാനം ഉപയോഗിച്ചാണ് മറ്റു ക്ഷേത്രങ്ങളിലെ ജീവനക്കാർക്ക് ശമ്പളവും മറ്റും നൽകുന്നത്. ദേവസ്വം ബോർഡിന് സാമ്പത്തിക പരിമിതികളുണ്ട്. ക്ഷേത്രങ്ങൾ മോടിപിടിപ്പിക്കുകയല്ല ഇപ്പോൾ ചെയ്യേണ്ടത് .
കഴിഞ്ഞവർഷത്തെ തീർത്ഥാടന കാലം പ്രശ്‌ന കലുഷിതമായിരുന്നു.എന്നാൽ ഈ തീർഥാടനകാലം ശാന്തമായ അന്തരീക്ഷത്തിലാണ്. തീർത്ഥാടകരുടെ എണ്ണത്തിലും വർദ്ധനയുണ്ടായിട്ടുണ്ട്. വരുമാനത്തിലും കാര്യമായ വർദ്ധനവ് വന്നതായി എൻ.വാസു പറഞ്ഞു. പ്രസ് ക്ലബ് സെക്രട്ടറി ബിജു കുര്യൻ സ്വാഗതം പറഞ്ഞു. വൈസ് പ്രസിഡന്റ് ജി.വിശാഖൻ അദ്ധ്യക്ഷത വഹിച്ചു. മുൻ പ്രസിഡന്റ് എബ്രഹാം തടിയൂർ നന്ദി പറഞ്ഞു.