പത്തനംതിട്ട : ഹെലിപ്പാഡ് തയ്യാറാക്കുന്നത് ഉൾപ്പെടെയുള്ള പ്രായോഗിക സുരക്ഷാ ബുദ്ധിമുട്ടുകൾ കാരണമാണ് രാഷ്ട്രപതി രാം നാഥ് കോവിന്ദ് ശബരിമല സന്ദർശനം റദ്ദാക്കിയതെന്ന് അറിയുന്നു.
പാണ്ടിത്താവളത്ത് കഴിഞ്ഞ വർഷം നിർമ്മിച്ച ജലസംഭരണിക്കു മുകളിൽ രാഷ്ട്രപതിയുടെ ഹെലികോപ്റ്റർ ഇറങ്ങാൻ ഹെലിപാഡ് തയ്യാറാക്കാനായിരുന്നു ആലോചന. എന്നാൽ വാട്ടർ ടാങ്കിന് മുകളിൽ ഹെലിപാഡ് നിർമ്മിക്കുന്നത് സുരക്ഷിതമല്ലെന്ന് പൊലീസിന്റെ രഹസ്യാന്വേഷണ വിഭാഗം റിപ്പോർട്ട് നൽകിയിരുന്നു. ടാങ്കിന്റെ സ്ലാബിന്റെ ബലത്തിൽ പൊലീസിന് വേണ്ടത്ര ഉറപ്പില്ല. ഹെലികോപ്ടറുകൾ ഇറങ്ങുന്നത് താങ്ങാനുള്ള ശേഷിസ്ലാബിന് ഉണ്ടോയെന്നതിൽ കേന്ദ്ര - സംസ്ഥാന ഇന്റലിജൻസ് വിഭാഗങ്ങൾ സംശയം പ്രകടിപ്പിച്ചതായാണ് അറിയുന്നത്.
ജലസംഭരണിക്ക് 67 മീറ്റർ നീളവും 34 മീറ്റർ വീതിയുമാണുള്ളത്. ഒരേ സമയം രണ്ടു ഹെലികോപ്ടറുകൾക്ക് ഇറങ്ങാനുള്ള സ്ഥലമുണ്ട്. ആ ആഘാതം സ്ലാബ് താങ്ങുമോ എന്ന് ആശങ്കയുണ്ടായിരുന്നു. ജലസംഭരണിക്കു മുകളിൽ നിന്ന് സുരക്ഷിതമായി ഇറങ്ങാൻ താത്കാലിക പടിക്കെട്ടുകളും നിർമ്മിക്കണമായിരുന്നു. ടാങ്കിന്റെ സുരക്ഷയും ഉറപ്പും പരിശോധിക്കാൻ പൊതുമരാമത്ത് എൻജിനിയർമാരുടെ വിദഗ്ദ്ധസംഘം എത്തിയിരുന്നു. അവരുടെയും ദേവസ്വം ബോർഡിന്റെയും പരിശോധനയുടെ റിപ്പോർട്ട് പുറത്തുവിട്ടിട്ടില്ല. ബലത്തിന്റെ കാര്യത്തിൽ ജില്ലാ കളക്ടറോ പൊലീസ് മേധാവിയോ ഉറപ്പ് നൽകിയതുമില്ല.
കൂടാതെ പാണ്ടിത്താവളത്തിലേക്ക് ഹെലികോപ്ടർ എത്താൻ സമീപത്തെ നിരവധി മരങ്ങൾ മുറിക്കണം. ഇതിന് വനനിയമം അനുവദിക്കുന്നില്ല. മകരവിളക്ക് ഉത്സവത്തിന് സന്നിധാനത്തും വനപാതകളിലും തീർത്ഥാടകരുടെ തിരക്കേറിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ മരങ്ങൾ മുറിക്കുകയും ഹെലിപാഡ് ഒരുക്കുകയും ചെയ്യുന്നത് പ്രായോഗികമാകില്ലെന്നാണ് ഇന്റലിജൻസ് റിപ്പോർട്ടെന്നറിയുന്നു. ഈ മാസം 5 മുതൽ 9വരെ കേരളവും ലക്ഷദ്വീപും സന്ദർശിക്കുന്ന രാഷ്ട്രപതിയുടെ പരിപാടികളിൽ ഗുരുവായൂർ ക്ഷേത്രദർശനവും ഉൾപ്പെടുത്തിയിട്ടുണ്ട്. ഇതിനൊപ്പം ശബരിമലയിലും എത്താനുള്ള സൗകര്യമുണ്ടാകുമോയെന്നാണ് രാഷ്ട്രപതിഭവൻ സംസ്ഥാന സർക്കാരിനോട് ചോദിച്ചിരുന്നത്. നെടുമ്പാശേരിയിൽ നിന്ന് ഹെലികോപ്ടറിൽ ശബരിമലയിലെത്തി ഒരു മണിക്കൂറിൽ ദർശനം നടത്തി മടങ്ങാനായിരുന്നു രാഷ്ട്രപതിയുടെ പരിപാടി. ഈ സമയം തീർത്ഥാടകർക്ക് കർശന നിയന്ത്രണം വേണ്ടിവരുമായിരുന്നു. മണ്ഡല, മകരവിളക്ക് തീർത്ഥാടന കാലം ഒഴികെ മാസ പൂജാവേളകളിൽ രാഷ്ട്രപതി, പ്രധാനമന്ത്രി തുടങ്ങിയ വി.വി.ഐ.പികൾ എത്തുന്നതാകും സൗകര്യമെന്നാണ് സുരക്ഷാ വിഭാഗങ്ങളുടെ വിലയിരുത്തൽ.