ന്യൂഡൽഹി: സെൻട്രൽ ബോർഡ് ഒഫ് ഇൻഡയറക്ട് ടാക്‌സ് ആൻഡ് കസ്റ്റംസിന്റെ (സി.ബി.ഐ.സി) ഇടക്കാല ചെയർമാനായി മലയാളിയായ ഡോ. ജോൺ ജോസഫിനെ നിയമിച്ചു. ഇന്ത്യൻ റവന്യൂ സർവീസിലെ 1983 ബാച്ച് ഓഫീസറാണ്. സി.ബി.ഐ.സി ചെയർമാനായിരുന്ന പി.കെ. ദാസ് സ്വയം വിരമിച്ചതിന് പിന്നാലെയാണ് ബോർഡ് അംഗമായിരുന്ന ജോൺ ജോസഫിന് ചുമതല ലഭിച്ചത്.

ധനകാര്യ മന്ത്രാലയത്തിൽ ടാക്‌സ് പോളിസി അംഗം, റവന്യൂ ഇന്റലിജന്റ്‌സ് ഡയക്ടറേറ്റ്, ജി.എസ്.ടി ഇന്റലിജന്റ്‌സ് ഡയറക്ടർ ജനറൽ, കസ്റ്റംസ് പ്രിൻസിപ്പൽ കമ്മിഷണർ തുടങ്ങി നിരവധി ചുമതലകൾ വഹിച്ചിട്ടുണ്ട്. കോഴിക്കോട് ഈസ്റ്റ് ഹിൽ താമരക്കാട്ട് വീട്ടിൽ ജോൺ ജോസഫിന്റെ ഭാര്യ ഡോ. മേരി എബ്രഹാം മൃഗസംരക്ഷണ വകുപ്പിൽ ജോയിന്റ് ഡയറക്ടറായിരുന്നു. മകൾ ചൈത്ര തെരേസ കേരള കേഡർ ഐ.പി.എസ് ഉദ്യോഗസ്ഥയാണ്. മകൻ ഡോ. അലൻ ജോൺ.