കൊൽക്കത്ത: ബംഗാൾ വിഭജനത്തിന് ഉത്തരവിട്ട കഴ്‌സൺ പ്രഭുവിന്റെ മേശയെ ബംഗാളിന്റെ ചരിത്രബിംബമെന്ന് വിശേഷിപ്പിച്ച് പുതുവത്സരത്തലേന്ന് ട്വീറ്റ് ചെയ്ത ഗവർണർ ജഗ്‌ദീപ് ധൻകർ വിവാദത്തിൽ. പരാമർശത്തിനെതിരെ സാമൂഹിക മാദ്ധ്യമങ്ങളിൽ പ്രതിഷേധം ശക്തമായതോടെ മണിക്കൂറുകൾക്കകം ഗവർണർ ട്വീറ്റ് നീക്കംചെയ്തു. ബംഗാളിലെ ജനങ്ങൾക്കായുള്ള പുതുവത്സര സന്ദേശം റെക്കാഡ് ചെയ്യാനായി രാജ്ഭവൻ ലൈബ്രറിയിലാണെന്നും, കഴ്‌സൺ പ്രഭു 1905 ലെ ബംഗാൾവിഭജന ഉത്തരവ് ഒപ്പിട്ട ചരിത്ര മേശയ്ക്ക് മുന്നിലാണ് ഇരിക്കുന്നതെന്നുമായിരുന്നു ട്വീറ്റ്. അദ്ദേഹത്തിന്റെ ചിത്രവും ട്വീറ്റിൽ ഉൾക്കൊള്ളിച്ചിരുന്നു. എന്നാൽ നിമിഷങ്ങൾക്കകം ഈ ട്വീറ്റിന്റെ സ്‌ക്രീൻ ഷോട്ടുകൾ പ്രചരിക്കുകയും വിവാദമാവുകയും ചെയ്തു. ഗവർണറുടെ ട്വീറ്റിനെതിരെ രാഷ്ട്രീയ നേതാക്കൾ അടക്കം പലരും മുന്നോട്ട് വന്നിരുന്നു.