തിരുവനന്തപുരം:വ്യാപാരികളുടെ എതിർപ്പിനിടെ ,സംസ്ഥാനത്ത് ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് വസ്തുക്കൾക്കുളള നിരോധനം നിലവിൽ വന്നു.ഈ മാസം 15 വരെ ശിക്ഷാ നടപടി ഉണ്ടാകില്ല.

സംസ്ഥാനത്ത് 11 ഇനം പ്ലാസ്റ്റിക്കിന് ഇനങ്ങൾക്കാണ് നിരോധനമെന്ന് ചീഫ് സെക്രട്ടറി ടോം ജോസ് അറിയിച്ചു. പ്ലാസ്റ്റിക് ക്യാരി ബാഗ് (കനം നോക്കാതെ), പ്ലാസ്റ്റിക് ഷീറ്റ് (മേശയിൽ വിരിക്കാൻ ഉപയോഗിക്കുന്നത്), തെർമോക്കോൾ, ്രെസ്രറോഫോം ഉപയോഗിച്ചുണ്ടാക്കുന്ന പ്ലേറ്റുകൾ, കപ്പുകൾ, അലങ്കാരവസ്തുക്കൾ, ഒറ്റത്തവണ ഉപയോഗമുള്ള പ്ലാസ്റ്റിക് കപ്പുകൾ, പ്ലേറ്റുകൾ, സ്പൂണുകൾ, ഫോർക്കുകൾ, സ്‌ട്രോകൾ, ഡിഷുകൾ, സ്റ്റിറർ, പ്ലാസ്റ്റിക് കോട്ടിംഗുള്ള പേപ്പർ കപ്പുകൾ, പ്ലേറ്റുകൾ, പേപ്പർ ബൗൾ, കോട്ടിംഗുള്ള പേപ്പർ ബാഗുകൾ, നോൺ വൂവൺ ബാഗുകൾ, പ്ലാസ്റ്റിക് കൊടികൾ, പ്ലാസ്റ്റിക് ബണ്ടിംഗ്, പ്ലാസ്റ്റിക് കുടിവെള്ള പൗച്ചുകൾ, ബ്രാൻഡഡ് അല്ലാത്ത പ്ലാസ്റ്റിക് ജ്യൂസ് പാക്കറ്റുകൾ, 500 എം.എലിനു താഴെയുള്ള പെറ്റ് ബോട്ടിലുകൾ, പ്ലാസ്റ്റിക് ഗാർബേജ് ബാഗ്, പിവിസി ഫ്ളക്സ് ഉത്പന്നങ്ങൾ, പ്ലാസ്റ്റിക് പാക്കറ്റുകൾ എന്നിവയ്ക്ക് നിരോധനം ബാധകമാണ്. നിരോധിച്ച വസ്തുക്കൾക്ക് പകരം ഉപയോഗിക്കാവുന്ന ഉത്പന്നങ്ങൾ വിപണിയിലിറക്കാൻ ഉത്പാദകരുമായി സർക്കാർ ചർച്ച നടത്തിയതായി ചീഫ് സെക്രട്ടറി അറിയിച്ചു.
ആദ്യ നിയമ ലംഘനത്തിന് പതിനായിരം രൂപയും വീണ്ടും ആവർത്തിച്ചാൽ 25000 രൂപയും മൂന്നാം തവണയായാൽ 50000 രൂപയും പിഴയീടാക്കും. സ്ഥാപനത്തിന്റെ നിർമാണ പ്രവർത്താനുമതി റദ്ദാക്കും. നിരോധനത്തിനെതിരെ വ്യാപാരികൾ വ്യാഴാഴ്ച മുതൽ കടയടപ്പ് സമരം പ്രഖ്യാപിച്ചിട്ടുണ്ട്. ഉത്പാദകരും വ്യാപാരികളും നൽകിയ ഹർജിയിൽ ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തില്ല.