കണ്ണൂർ: കർഷകത്തൊഴിലാളി യൂണിയന്റെ ഒമ്പതാം അഖിലേന്ത്യാ സമ്മേളനത്തിന് കണ്ണൂരിൽ ഉജ്വല തുടക്കം. പ്രതിനിധി സമ്മേളനം നായനാർ അക്കാഡമിയിൽ കിസാൻസഭ അഖിലേന്ത്യാ വൈസ് പ്രസിഡന്റ് എസ്. രാമചന്ദ്രൻപിള്ള ഉദ്ഘാടനംചെയ്തു. എസ്. തിരുനാവുക്കരശ് അദ്ധ്യക്ഷത വഹിച്ചു. മൂന്ന് ദിവസത്തെ സമ്മേളനത്തിൽ 18 സംസ്ഥാനങ്ങളിലെ 70 ലക്ഷത്തിലേറെ അംഗങ്ങളെ പ്രതിനിധീകരിച്ച് 989 പേർ പങ്കെടുക്കുന്നുണ്ട്..
സമ്മേളനത്തിന്റെ ഭാഗമായി കണ്ണൂർ സ്റ്റേഡിയം കോർണറിൽ 'പൗരത്വ ഭേദഗതി നിയമവും പ്രത്യാഘാതവും' സെമിനാർ കിസാൻസഭ ജനറൽ സെക്രട്ടറി ഹനൻമുള്ള ഉദ്ഘാടനംചെയ്തു. പി. രാജീവ് മുഖ്യപ്രഭാഷണം നടത്തി.
നാളെ വൈകിട്ട് നാലിന് സമാപന റാലിയിൽ ഒരുലക്ഷം പേർ അണിനിരക്കും. സമാപന പൊതുസമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനംചെയ്യും. എ. വിജയരാഘവൻ, സുനിത് ചോപ്ര, മന്ത്രി ഇ.പി. ജയരാജൻ, കെ.എസ്.കെ.ടി.യു സംസ്ഥാന പ്രസിഡന്റ് എം.വി ഗോവിന്ദൻ, ജനറൽ സെക്രട്ടറി എൻ.ആർ. ബാലൻ എന്നിവർ സംസാരിക്കും.