പത്തനംതിട്ട: പണി പൂർത്തായാക്കിയിട്ടും കരാറുകാരെ കണ്ടമട്ടില്ല സർക്കാരിന്. പണി തീർത്ത വിവിധ സർക്കാർ പദ്ധതികളുടെ കുടിശിക ഇതുവരെ കൊടുത്തിട്ടില്ല. പണം കിട്ടിയിട്ടേ തുടർന്നുള്ള നിർമ്മാണപ്രവർത്തനങ്ങൾ തുടരുവെന്നും പുതിയവ ഏറ്റെടുക്കുവെന്നും കാരാറുകാർ നിലപാട് സ്വീകരിച്ചതോടെ പ്രതിസന്ധി രൂക്ഷമായി. ഒക്ടോബറിന് ശേഷം ഒരു ബില്ലും പാസാക്കിയിട്ടില്ല. ട്രഷറി നിയന്ത്രണമെന്നാണ് കാരണം പറയുന്നത്. അഞ്ച് ലക്ഷത്തിൽ താഴെയുളള ബില്ല് പാസാക്കി നൽകുമെന്ന് അറിയിച്ചിരുന്നു. ഒക്‌ടോബറിന് ശേഷം അതും ലഭിക്കുന്നില്ലെന്ന് കരാറുകാർ പറഞ്ഞു.

തദ്ദേശ സ്ഥാപനങ്ങളിലെ ജോലികൾ ഏറ്റെടുത്ത ചെറുകിട കാരാറുകാരാണ് ഏറെ ബുദ്ധിമുട്ടുന്നത്. നിർമ്മാണ മേഖലയിൽ ഇരുന്നൂറോളം കാരാറുകാർ ജില്ലയിലുണ്ട്.

കരാർ ബഹിഷ്കരണം ഒൗദ്യോഗികമായി ആഹ്വാനം ചെയ്തിട്ടില്ലെങ്കിലും ജില്ലാ പഞ്ചായത്തിലെയും ഗ്രാമ പഞ്ചായത്തുകളിലെയും മിക്ക പണികളും നിറുത്തിവച്ചിരിക്കുകയാണ്. ജില്ലാ പഞ്ചായത്തിൽ ടെൻഡർ ചെയ്ത 97പണികൾക്ക് ഇതുവരെയും ആരും കരാർ നൽകിയിട്ടില്ല. മഴയില്ലാത്ത ഡിസംബർ, ജനുവരി, ഫെബ്രുവരി, മാർച്ച് മാസങ്ങളിലാണ് പണികൾ ഏറെയും നടക്കാനുളളത്. മാർച്ചിന് മുമ്പ് ബില്ലുകൾ പാസാക്കുകയും വേണം.

ഇൗ വർഷം നിർമ്മാണം നടക്കുന്ന പദ്ധതികളുടെ തുകയുടെ 10 ശതമാനത്തിൽ താഴെ മാത്രമാണ് ഇതുവരെ ലഭിച്ചത്. തൊഴിലാളികൾക്ക് കൂലി നൽകാനും സാധനങ്ങൾ വാങ്ങാനും കരാറുകാരുടെ കയ്യിൽ പണമില്ല. പൊതുമരാമത്ത്, ധനകാര്യ മന്ത്രിമാർക്ക് നിവേദനം നൽകിയെങ്കിലും ഫലമുണ്ടായില്ല. സാമ്പത്തിക പ്രതിസന്ധിയാണെന്നും കേന്ദ്രസർക്കാരിൽ നിന്ന് ജി.എസ്.ടിയുടെ പണം വരുമ്പോൾ കരാറുകാരുടെ കുടിശിക കൊടുത്തു തീർക്കുമെന്നുമാണ് മന്ത്രിമാർ നൽകിയ മറുപടി.

സമരപരിപാടികളുടെ ഭാഗമായി ഗവ. കോൺട്രാക്ടേഴ്സ് ഫെഡറേഷന്റെ നേതൃത്വത്തിൽ ഇന്ന് സെക്രട്ടേറിയറ്റിനു മുന്നിൽ ധർണ നടക്കും.

>>

കരാറുകാർക്ക് കിട്ടാനുള്ളത്

ജില്ലാ പഞ്ചായത്ത് 3 കോടി

ബ്ളോക്ക് പഞ്ചായത്തുകൾ 1 കോടി

ഗ്രാമ പഞ്ചായത്തുകൾ 10 കോടി

>>

'' കുടിശിക തുക ലഭിക്കാത്തതുകാരണം ചെറുകിട കരാറുകാരുടെ ജീവിതം പ്രതിസന്ധിയിലാണ്. നിർമ്മാണ സാധനങ്ങൾ വാങ്ങാനും കൂലി കൊടുക്കാനും പണമില്ല.

കെ.ആർ. കൃഷ്ണകുമാർ, ഗവ. കോൺട്രാക്ടേഴ്സ് ഫെഡറേഷൻ ജില്ലാ സെക്രട്ടറി.