പത്തനംതിട്ട: തട്ടയിൽ ശ്രീധർമ്മശാസ്താ ക്ഷേത്രത്തിലെ കർപ്പൂര ഘോഷയാത്രയും പേട്ടതുള്ളലും നാളെ നടക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. രാവിലെ 7ന് ക്ഷേത്രത്തിൽ നിന്ന് ഘോഷയാത്ര ആരംഭിച്ച് ഒരിപ്പുറത്ത് ഭഗവതി ക്ഷേത്രത്തിലെത്തി കർപ്പൂരം തെളിയിക്കും. തുടർന്ന് വിവിധ ഹൈന്ദവ ദേവാലയങ്ങളും സാമുദായിക സാംസ്‌കാരിക സംഘടനകളും ഭക്ത ജനങ്ങളും നൽകുന്ന സ്വീകരണങ്ങൾ ഏറ്റുവാങ്ങി ഘോഷയാത്ര വൈകുന്നേരം 6 ന് മാമ്മൂട് ജംഗ്ഷനിൽ എത്തും. മാമ്മൂട് ജംഗ്ഷനിൽ നിന്ന് ഘോഷയാത്ര ആനക്കുഴി മലനട ക്ഷേത്രത്തിൽ എത്തിച്ചേരുമ്പോൾ നൂറുകണക്കിന് ഭക്തർ പങ്കെടുക്കുന്ന പേട്ടതുള്ളൽ ആരംഭിക്കും. ക്ഷേത്രത്തിലെ 14ാമത് ഭാഗവത സപ്താഹയജ്ഞം 8 മുതൽ 14 വരെ നടക്കും. എല്ലാദിവസവും അന്നദാനം, ആദ്ധ്യാത്മിക പ്രഭാഷണങ്ങൾ, ഭക്തി ഗാനസുധ എന്നിവ ഉണ്ടായിരിക്കും. മകരവിളക്ക് ദിവസമായ 15ന് രാവിലെ 7ന് പൊങ്കാല, നെയ്യഭിഷേകം, കളഭാഭിഷേകം എന്നിവയും ഉച്ചയ്ക്ക് സമൂഹസദ്യയും വൈകുന്നേരം പതിനെട്ടാംപടി പൂജയും നടക്കും. രാത്രി 8ന് ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായ ചികിത്സാ സഹായ വിതരണവും രാത്രി 9ന് ഗാനമേളയും ഉണ്ടായിരിക്കും.വാർത്താസമ്മേളനത്തിൽ ദേവസ്വം പ്രസിഡന്റ് അഡ്വ.രാധാകൃഷ്ണൻ നായർ, സെക്രട്ടറി കൃഷ്ണൻകുട്ടി, കെ.എം. ഗോപാലകൃഷ്ണൻ, പൊന്നപ്പൻ ആചാരി, സോമൻ എന്നിവർ പങ്കെടുത്തു.