anganavadi

ചെന്നീർക്കര : പറക്കമുറ്റാത്ത കുഞ്ഞുങ്ങളുമായി വാടക മുറികളിൽ മാറിമാറി പ്രവർത്തിക്കുകയാണ് ചെന്നീർക്കര പഞ്ചായത്ത് മുട്ടത്തുകോണം ഒന്നാം വാർഡിലെ അംഗൻവാടി. 2006ൽ പ്രവർത്തനം തുടങ്ങിയെങ്കിലും ഇതുവരെ സ്വന്തം കെട്ടിടമായില്ല. മുട്ടത്തുകോണം എസ്.എൻ.ഡി.പി സ്കൂൾ അധികൃതർ വിട്ടുനൽകിയ ഒരു ക്ളാസ് മുറിയിലാണ് പന്ത്രണ്ട് കുട്ടികളുളള അംഗൻവാടി ഇപ്പോൾ പ്രവർത്തിക്കുന്നത്.

ആരംഭം മുതൽ വിവിധ വാടകമുറികളിൽ പ്രവർത്തിക്കാനാണ് അംഗൻവാടിയുടെ വിധി. പ്രദേശത്തെ ആറ് മാസം മുതൽ മൂന്ന് വയസ് വരെ പ്രായമുളള പന്ത്രണ്ട് കുഞ്ഞുങ്ങളാണ് ഇവിടെ എത്തുന്നത്. ഗർഭിണികൾ, പാലുട്ടുന്ന അമ്മമാർ, കൗമാര പ്രായക്കാരായ പെൺകുട്ടികൾ എന്നിവർക്ക് പോഷകാഹാരവും കുഞ്ഞുങ്ങൾക്ക് പോഷക സമ്പുഷ്ടമായ ഭക്ഷ്യമിശ്രിത വിതരണവും കൃത്യമായ ഇടവേളകളിൽ നൽകിവരുന്നു. കുട്ടികളുടെ തൂക്കമെടുത്തു വളർച്ചാനിരീക്ഷണവും ഇവിടെ നടക്കുന്നുണ്ട്.

ഉദാരമതികളായ വ്യക്തികൾ കെട്ടിട നിർമ്മാണത്തിനാവശ്യമായ സ്ഥലം നൽകിയാൽ ത്രിതല പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് കെട്ടിട നിർമ്മാണം പൂർത്തീകരിച്ചു അംഗൻവാടിയുടെ പ്രവർത്തനം സുഗമമാക്കാൻ സാധിക്കും. ഒരു ടീച്ചറും ആയയും ആണ് ഇവിടുത്തെ ജീവനക്കാർ.

1. കുട്ടികൾക്ക് ശാരീരിക,മാനസിക ഉല്ലാസത്തിനാവശ്യമായ കളി ഉപകരണങ്ങൾ ഇല്ല. അവ ലഭ്യമായാൽ തന്നെ സ്വന്തമായി കെട്ടിടം ഇല്ലാത്തത് പരിമിതിയായി നിലനിൽക്കുന്നു.

2. അംഗൻവാടിക്ക് ലഭിക്കേണ്ട ആനുകൂല്യങ്ങൾ പലപ്പോഴും ലഭിക്കാറില്ലെന്ന് പരാതിയുണ്ട്. നാട്ടിലെ സന്നദ്ധ സംഘടനകൾ നൽകുന്ന സഹായം കൊണ്ടാണ് പിടിച്ചുനിൽക്കുന്നത്.

പ്രവർത്തനം തുടങ്ങിയത്: 2006ൽ

കുട്ടികൾ : 12

'' സ്ഥലം ലഭിച്ചാൽ പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് അംഗൻവാടിക്ക് സ്വന്തം കെട്ടിടം നിർമിക്കാനാകും.

എ.പി. അനു

ഗ്രാമ പഞ്ചായത്തംഗം